ഇൗ ഒാണക്കാലത്ത് തിരുവനന്തപുരം മൃഗശാലയിലെത്തിയ പുതിയ അതിഥികളിൽ ഒരാൾ രോഗാവസ്ഥയിൽ. നെയ്യാർ സിംഹസഫാരി പാർക്കിലേക്ക് കൊണ്ടുവന്ന 2 സിംഹങ്ങളിൽ ഒന്നാണ് ഇപ്പോൾ അവശതയിലായത്. ഗുജറാത്തിലെ ബാഗ് മൃഗശാലയിൽ നിന്ന് കഴിഞ്ഞ 18ന് തിരുവനന്തപുരം മൃഗശാലയിലെത്തിച്ച പെൺസിംഹം രാധയാണ് അസുഖബാധിതയായത്. ഒരാഴ്ചയായി ഭക്ഷണം കഴിക്കാതെയും ഇരു കാലുകളും തളർന്ന് അവശയായ രാധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
ഡാമിലെ സിംഹ സഫാരി പാർക്കിലെ സിന്ധുവെന്ന പെൺ സിംഹത്തിന് കൂട്ടായാണ് മലയണ്ണാനെ നൽകി പകരം 2 സിംഹങ്ങളെ ഗുജറാത്തിൽ നിന്നെത്തിച്ചത്. ഡാമിലുള്ള പാർക്കിലെ കൂടുകളുടെ നവീകരണവും ഫെൻസിങ്ങ് ജോലികളും പൂർത്തിയായ ശേഷം മൃഗശാലയിൽ നിന്ന് ഡാമിലെത്തിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചത്. അതുവരെ മൃഗശാലയിൽ പാർപ്പിക്കാനായിരുന്നു തീരുമാനം.
ഇതിനിടെയാണ് ആറര വയസുകാരിയായ രാധ രോഗിയായത്. ഒപ്പമുണ്ടായിരുന്ന 10 വയസുകാരൻ നാഗരാജെന്ന സിംഹം സസുഖം കഴിയുന്നു. ഓണത്തിന് മുമ്പേ പുതിയ അഥിതികളെ ഡാമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് രാധ രോഗിയായത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.ഇ.കെ.ഈശ്വറിന്റെ നേതൃത്വത്തിൽ ഒരു സംഘം ഡോക്ടർമാർ രാധയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ട്.