തിരുവനന്തപുരം ആനയറയിലെ ആടുഫാമില്‍ തെരുവുനായ ആക്രമണം. പത്ത് ആടുകളെ നായ്ക്കള്‍ കടിച്ചുകൊന്നു. ഏറെനാളായി ഈ പ്രദേശത്ത് തെരുവുനായ ശല്യമുണ്ടെന്ന് ഫാം ഉടമകള്‍ പറഞ്ഞു.

 

ആനയറ പമ്പ് ഹൗസ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ആടുഫാമിലാണ് ഇന്ന് രാവിലെ തെരുവുനായ ആക്രമണമുണ്ടായത്. ആറരയോടെ ഫാം നടത്തിപ്പുകാര്‍ എത്തിയപ്പോള്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആടുകളെ ആക്രമിക്കുന്നതാണ് കണ്ടത്. പണിപ്പെട്ട് തെരുവുനായ്ക്കളെ ഫാമില്‍ നിന്ന് ഓടിച്ചെങ്കിലും അതിനകം പത്താടുകള്‍ ചത്തിരുന്നു. ഒരെണ്ണത്തിനെ കാണാതായി.

 

പതിനൊന്ന് ആടുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. അതിലൊന്നിന്റെ സ്ഥിതി ഗുരുതരമാണ്. 90000 രൂപയോളം നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഒരുവര്‍ഷമാകാറായ ഫാമില്‍ ഇതാദ്യമായാണ് തെരുവുനായ്ക്കള്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ രാത്രി ബൈക്കില്‍ പോകുന്ന സമയത്ത് പലതവണ തെരുവുനായ്ക്കള്‍ പിന്നാലെയെത്തി ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സുമേഷ് പറഞ്ഞു. വീണ്ടും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തി ആടുകളെ ആക്രമിക്കുമോ എന്ന ഭീതിയിലാണ് ഫാം ഉടമകള്‍.