ടൗട്ടെ ചുഴലിക്കാറ്റില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്കും നാശനഷ്ടം. തുറമുഖത്തിന്‍റെ സംരക്ഷണത്തിന് നിര്‍മിക്കുന്ന പുലിമുട്ട് 175 മീറ്റര്‍ നീളത്തില്‍ കടലെടുത്തു. തിരയടി ഇപ്പോഴും തുടരുന്നതിനാല്‍ അറ്റകുറ്റപ്പണി തുടങ്ങാനായിട്ടില്ല.
ഓഖിക്കു പിന്നാലെ ടൗട്ടെ ചുഴലിക്കാറ്റും വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നാശം വിതച്ചിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ ശക്തമായ തിരയടിയില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് പുലിമുട്ട് നിര്‍മിക്കുന്നത്. 3100 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കേണ്ട പുലിമുട്ടിന്‍റെ 850 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇതില്‍ 175 മീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ തിരയടിയില്‍ തകര്‍ന്നിരിക്കുന്നത്. പ്രാഥമിക പരിശോധനയിലാണ് ഇത്രയും ഭാഗത്തെ കരിങ്കല്ല് ഒലിച്ചുപോയെന്ന് കണ്ടെത്തിയത്. കേടുപാടിന്‍റെ യഥാര്‍ഥ ചിത്രം ലഭിക്കണമെങ്കില്‍ സാങ്കേതിക പരിശോധന ആവശ്യമാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ദിവസങ്ങള്‍ക്കകം കാലവര്‍ഷം തുടങ്ങുന്നതോടെ തുറമുഖ നിര്‍മാണം വീണ്ടും മന്ദഗതിയിലാകും. കരാര്‍ പ്രകാരം 2019 ഡിസംബറില്‍ തുറമുഖം പ്രവര്‍ത്തനം തുടങ്ങേണ്ടതായിരുന്നു. 2017 ല്‍ വീശിയ ഓഖി ചുഴലിക്കാറ്റില്‍ പദ്ധതി പ്രദേശത്തുണ്ടായ നാശനഷ്ടം ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ് സമയം നീട്ടി ചോദിച്ചിരുന്നു. ആവശ്യം സര്‍ക്കാര്‍ തള്ളിയ സര്‍ക്കാര്‍ നടപടി അദാനി ഗ്രൂപ്പ് നിയമപരമായി ചോദ്യം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ടൗട്ടെ ചുഴലിക്കാറ്റ് പുലിമുട്ട് നിര്‍മാണം തടസപ്പെടുത്തിയ സാഹചര്യത്തില്‍ പദ്ധതി വീണ്ടും വൈകാനാണ് സാധ്യത.