boat-missing

ടൗട്ടേ ചുഴലിക്കാറ്റിനെതുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ അജ്മീര്‍ ഷാ എന്ന ബോട്ടിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് കാണാതായ മല്‍സ്യതൊഴിലാളികളുടെ ബന്ധുക്കള്‍. തിരച്ചില്‍ രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്തേക്ക് നീട്ടണമെന്ന് ബോട്ടുടമകളും ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം. 

 

16 തൊഴിലാളികളാണ് അജ്മീര്‍ ഷാ എന്ന ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ തമിഴ്നാട് സ്വദേശികളാണ്. നാല് പേര്‍ ബംഗാള്‍ സ്വദേശികളും. ബോട്ട് കാണാതായി ദിവസങ്ങള്‍ ആയിട്ടും തൊഴിലാളികളെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ബന്ധുക്കള്‍ ബേപ്പൂരില്‍ എത്തിയത്. ഡോര്‍ണിയര്‍ വിമാനവും കോസ്റ്റ് ഗാര്‍ഡ് കപ്പലും ദിവസങ്ങളായി കാണാതായ ബോട്ടിന് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. ബോട്ട് പോകാന്‍ സാധ്യതയുള്ള എല്ലാ ഭാഗത്തും ഇതിനോടകം തിരച്ചില്‍ നടത്തിക്കഴിഞ്ഞു. യാതൊരു വിവരവുമില്ല. അതിനാല്‍ തന്നെ തിരച്ചില്‍ രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് നീട്ടണമെന്നാണ് ബോട്ടുടമുകളുടെ ആവശ്യം.  ഈമാസം അഞ്ചിനാണ് അജ്മീര്‍ ഷാ കടലിലേയ്ക്ക് തിരിച്ചത്. 10 ന് ശേഷം ഇവരെ ബന്ധപ്പെടാന്‍ ബോട്ടുടമയ്ക്ക് കഴിഞ്ഞിട്ടില്ല.