ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി സൗജന്യമായി ടിവിയും ഫോണും ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച് തെറ്റായ വിവരങ്ങൾ നൽകി മാതാപിതാക്കളും കുട്ടികളും. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാത്തവരെ കണ്ടെത്താൻ സ്കൂൾതലത്തിൽ തുടങ്ങിയ കണക്കെടുപ്പിലാണ് ആകെമൊത്തം ആശയക്കുഴപ്പമായത്. ഓൺലൈൻ ക്ലാസുകളിൽ സ്ഥിരമായി പങ്കെടുത്തിരുന്നവർ പോലും ഫോണും ഇന്റർനെറ്റ് സൗകര്യങ്ങളുമില്ലെന്ന് വിവരം നൽകി തുടങ്ങിയതോടെയാണ് അധ്യാപകർ ആശയക്കുഴപ്പത്തിലായത്. 

 

ഈ മാസം 13ാം തീയതി വരെയാണു വിവരശേഖരണം. ഇതിനായി അധ്യാപകരിൽ നിന്ന് നോഡൽ ഓഫിസർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. സൗകര്യങ്ങൾ ഉണ്ടായിട്ടും ഇല്ല എന്നു ചില രക്ഷിതാക്കൾ പറയുമ്പോൾ അർഹതയുള്ളവർക്കു ലഭിക്കേണ്ട സഹായങ്ങൾ കൂടി നഷ്ടമാകാൻ സാധ്യതയുണ്ട്. ഫോണോ ടിവിയോ ഉണ്ടോയെന്നു വീട്ടിൽച്ചെന്നു പരിശോധിക്കാനും കോവിഡ് കാലമായതിനാൽ സാധിക്കില്ല. 

 

സർക്കാരി‍ൽ നിന്നു സൗജന്യമായി ഫോൺ ലഭിക്കുമെന്ന തെറ്റിദ്ധാരണ മൂലമാണു പലരും തെറ്റായ വിവരം നൽകുന്നത്. ടിവി, ഫോൺ, ഇന്റർനെറ്റ് സൗകര്യം എന്നിവയുണ്ടോ എന്നു കുട്ടികളിൽ നിന്നു വിവരം ശേഖരിക്കാൻ നിർദേശം നൽകിയതല്ലാതെ മറ്റു മാനദണ്ഡങ്ങളൊന്നും നൽകാതിരുന്നത് ആശയക്കുഴപ്പം വർധിപ്പിച്ചെന്നും അധ്യാപകർ പറയുന്നു.