മൊബൈല്‍ നെറ്റ്‍വര്‍ക്ക് തകരാറിലാണെങ്കിലും പഠനംമുടങ്ങാതിരിക്കാന്‍ മല കയറി വിദ്യാര്‍ഥികള്‍. കുന്നിന്‍മുകളില്‍ റേഞ്ചുള്ള സ്ഥലം കണ്ടെത്തി താല്‍ക്കാലിക ഷെഡ് കെട്ടി പഠിക്കുകയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍. വയനാട് മാനന്തവാടി തിരുനെല്ലിയിലാണ് വിദ്യാര്‍ഥികളുടെ ഈ ഓണ്‍ലൈന്‍ ക്ലാസ് ഷെഡ്. വിഡിയോ റിപ്പോർട്ട് കാണാം. 

 

വനത്താലും എസ്റ്റേറ്റിനാലും ചുറ്റപ്പെട്ട തിരുനെല്ലി പഞ്ചായത്തിലെ മിക്കയിടത്തും മൊബൈല്‍ നെറ്റുവര്‍ക്ക് സംവിധാനം തകരാറാണ്. കോവിഡ് കാലത്ത് എല്ലാം ഓണ്‍ലൈനായതോടെ ഇവിടുത്തെ കുട്ടികളുടെ പഠനം ഫ്രീസായി. അങ്ങനെയാണ് ആദണ്ടക്കുന്നിന് മുകളില്‍ ഒരു ഹൈറേഞ്ച് ക്ലാസ് മുറി ഒരുങ്ങുന്നത്. കുന്നിനുമുകളില്‍ തെറ്റില്ലാത്ത റേഞ്ചുണ്ടെന്ന് മനസിലാക്കിയപ്പോള്‍ ഒരു ഷെഡ് ഉണ്ടാക്കി. ഇരിക്കാനായി മരക്കൊമ്പ് കൊണ്ട് ഇരിപ്പിടവും. കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഷെഡ് തകര്‍ന്നെങ്കിലും ഈ മിടുക്കര്‍ തന്നെ പുനര്‍നിര്‍മിച്ചു. 

 

വന്യമൃഗങ്ങളുടെ വിഹാരമേഖലയായതിനാല്‍ ആദണ്ടക്കുന്നിലെ ക്ലാസിലേക്ക് വിദ്യാര്‍ഥികളെ രക്ഷിതാക്കളും അനുഗമിക്കുന്നു. സമീപപ്രദേശമായ പനവല്ലിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചാല്‍ റേഞ്ച് പ്രശ്നം പരിഹരിക്കപ്പെടും. പഠനം മുടങ്ങാതിരിക്കാന്‍ സ്വന്തമായി വഴി കണ്ടെത്തിയ ഈ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാനുള്ള സാഹചര്യം ഒരുക്കിനല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.