സംസ്ഥാനത്തെ കോളജുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളും ഒാണ്‍ലൈൻ ക്ലാസുകളില്‍  പങ്കെടുക്കുന്നില്ല.  ഇന്‍റര്‍നെറ്റ് പ്രശ്നങ്ങളും ഡേറ്റ റീചാര്‍ജിന് പണം കണ്ടെത്താന്‍ കഴിയാത്തതുമാണ് പ്രധാന പ്രശ്നം. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളിൽ‍ 57 ശതമാനം പേരും ഒാണ്‍ലൈൻ ക്ലാസുകള്‍ പ്രായോഗികമല്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. വിഡിയോ റിപ്പോർട്ട് കാണാം. 

 

കേരളത്തിലെ 8000 കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഒാണ്‍ലൈന്‍പഠനത്തെക്കുറിച്ച് കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സര്‍ക്കാര്‍വനിതാ കോളജ് പഠനം നടത്തിയത്. 48.4 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് 90 ശതമാനം ഒാണ്‍ലൈൻ ക്ലാസുകളിലും പങ്കെടുത്തിട്ടുള്ളത്. 99 ശതമാനം കോളജ് വിദ്യാര്‍ഥിള്‍ക്കും സ്്മാര്‍ട്ട് ഫോണുണ്ട്. ഇതില്‍ 11 ശതമാനം പേര്‍ ഫോണ്‍ കുടുംബാഗംങ്ങളുമായി പങ്കുവെക്കുന്നവരാണ്. സ്്മാര്‍ട്ട് ഫോണുണ്ടെങ്കിലും ഇന്‍റര്‍നെറ്റ് സൗകര്യം  വേണ്ടത്ര ഇല്ലാത്തതും സ്്പീഡ് കുറവായതും വിദ്യാര്‍ഥികളുടെ ഒാണ്‍ലൈന്‍പഠനത്തിന് കാര്യമായ തടസം സൃഷ്ടിച്ചിട്ടുണ്ട്. 69 ശതമാനം പേരും നെറ്റ്്്വര്‍ക്ക് പ്രശ്നങ്ങള്‍നേരിടുന്നവരാണ്. 

 

ഡാറ്റ കൂടുതലായി ഉപയോഗിക്കുമ്പോള്‍ അടിക്കടി റീചാര്‍ജ് ചെയ്യേണ്ടിവരും ഇതിന് പണം കണ്ടെത്താന്‍ 28 ശതമാനം പേര്‍ പ്രയാസമനുഭവിക്കുന്നു. ഇതിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കുമുള്ളത്. സര്‍വെയില്‍  പങ്കെടുത്തവരില്‍ വെറും 6.5 ശതമാനം മാത്രമാണ് ഒാണ്‍ലൈന്‍ ക്ലാസുകളെ അനുകൂലിച്ചത്. 57 ശമാനവും ഒാണ്‍ലൈൻ ക്ലാസുകൊണ്ട് പ്രയോജനമില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.