സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നു മൂന്നാറിലേക്ക് കെഎസ്ആർടിസി നടത്തുന്ന സൈറ്റ് സീയിങ് ട്രിപ്പുകളിൽ ജീവനക്കാർ കമ്മിഷൻ വാങ്ങി സഞ്ചാരികളെ സ്വകാര്യ ഫാമുകളിൽ എത്തിക്കുന്നുവെന്ന് പരാതി. സഞ്ചാരികളുടെ പോക്കറ്റ് കാലിയാക്കുന്ന കമ്മിഷൻ കളി അവസാനിപ്പിക്കണമെന്ന് നാട്ടുകാർ പറയുന്നു. മൂന്നാർ കാണാൻ ഉദ്ദേശിച്ച് വരുന്നവർക്ക് ഇവിടത്തെ കാഴ്ചകൾ കാണാൻ അവസരം നൽകാതെ ബസ് ഡ്രൈവർക്ക് കമ്മിഷൻ കിട്ടുന്ന ഇടങ്ങളിൽ മാത്രം സഞ്ചാരികളെ എത്തിക്കുന്ന രീതി അടുത്തയിടെ വർധിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.
മൂന്നാറിനും അടിമാലിക്കും ഇടയിലുള്ള സ്പൈസ് ഗാർഡൻ ഉടമകളാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. കെഎസ്ആർടിസിയുടെ പാക്കേജുകളിൽ ഭക്ഷണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് പല ഡിപ്പോകളും നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ചില സ്പൈസ് ഫാമുകളിൽ സന്ദർശകർക്ക് ചായയും ചെറുകടിയും സൗജന്യമാണ്. ഫാമിലേക്കുള്ള പ്രവേശനവും സൗജന്യം. ഇവരുടെ വിൽപനശാലകളിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതാണ് ഉടമകളുടെ ലാഭം. ജൈവ ഉൽപന്നങ്ങൾ എന്ന ലേബലിൽ ഉയർന്ന വില ഈടാക്കി ബിൽ തുകയുടെ 40 % വരെ കമ്മിഷനായി ബസ് ഡ്രൈവർക്ക് നൽകുന്നതാണ് രീതി.
തങ്ങളുടെ ഫാമിൽ ജൈവ രീതിയിൽ ഉൽപാദിപ്പിച്ചത് എന്നു വിശ്വസിപ്പിച്ചാണ് ഉൽപന്നങ്ങളുടെ വിൽപന. പുറത്ത് കടകളിൽ 1000 രൂപയ്ക്കു ലഭിക്കുന്ന ഏലക്കായ്ക്ക് ഇത്തരം ഫാമുകളിൽ 3000 രൂപ വരെ ഈടാക്കുന്നുണ്ട്. തങ്ങളുടെ സ്വന്തം ഉൽപന്നമെന്ന് അവകാശപ്പെടുമ്പോഴും പുറത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന സാധനങ്ങൾക്ക് ഉയർന്ന വില ഈടാക്കി സന്ദർശകരെ കബളിപ്പിക്കുകയാണ്. ചില സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും ടാക്സി ഡ്രൈവർമാരും ഈ രീതി പിന്തുടരുന്നുണ്ട്.
ഏകദിന സന്ദർശനത്തിന് കെഎസ്ആർടിസി സൈറ്റ് സീയിങ് ബസുകളെ ആശ്രയിച്ചെത്തുന്ന ഇടത്തരക്കാരായ സന്ദർശകർക്ക് ഇത്തരം ഫാമുകളിൽ സമയം പാഴാക്കാമെന്നല്ലാതെ മൂന്നാറിന്റെ യഥാർഥ സൗന്ദര്യം കാണാൻ അവസരം ലഭിക്കുന്നില്ല. മൂന്നാർ പട്ടണത്തിൽ പോലും ഈ ബസുകൾ നിർത്തുന്നില്ല. ഇതുമൂലം ശീതകാല പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ മൂന്നാറിന്റെ തനത് ഉൽപന്നങ്ങൾ വാങ്ങാനുള്ള അവസരം പോലും സഞ്ചാരികൾക്ക് നിഷേധിക്കപ്പെടുന്നു എന്നാണ് പരാതി.