cow

TAGS

വയനാട് ചീരാലില്‍ കടുവയുടെ ആക്രണം രൂക്ഷമായതോടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട്  ക്ഷീര കര്‍ഷര്‍. കടുവ കൊന്ന പശുക്കള്‍ക്ക്  വനംവകുപ്പ് നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും പരുക്കേറ്റവയ്ക്ക്  ചികിത്സമാത്രമാണ് വാഗ്ദാനം. കറവ മുടങ്ങിയതിനാല്‍ അവശനിലയിലായ പശുക്കള്‍ക്കും നഷ്ടപരിഹാരം അനുവദിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. 

 

ഒരു കുടുംബത്തിന്‍റെ ആകെയുള്ള ആശ്രയമാണ് ഈ തൊഴുത്തില്‍ നില്‍ക്കുന്നത്. ചീരാല്‍ കണ്ടര്‍മലയിലെ വേലായുധന്‍റെയും രത്നവല്ലിയുടെയും 

രണ്ടുപശുക്കളെയും കടുവ ആക്രമിച്ചു. വൃണങ്ങളിലെ വേദന കാരണം പശുക്കള്‍ അവശനിലയിലായി. പശുക്കുട്ടിക്ക് പോലും പാല്‍ നല്‍കാന്‍ കഴിയുന്നില്ല. കറവ മുടങ്ങിയോടെ വരുമാനവും ഇല്ലാതായി. കടുവ കൊന്ന പശുക്കള്‍ക്ക് മാത്രമാണ് വനംവകുപ്പ് നഷ്ടപരിഹാരം  പ്രഖ്യാപിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് ജീവിക്കാനുള്ള വഴികൂടി പറഞ്ഞുതരണമെന്ന് വേലായുധന്‍ ചോദിക്കുന്നു.

 

ചീരാല്‍, മുണ്ടക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലായി ഏഴുവളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നു. ഒരുമാസത്തിനുള്ളില്‍  നഷ്ടപരിഹാരം നല്‍കുമെന്നാണ് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ വനംവകുപ്പ് നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ്. പക്ഷേ പരുക്കേറ്റ പശുക്കള്‍ക്ക് ചികിത്സമാത്രം നല്‍കാനാണ് തീരുമാനം. നിരവധി പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ് കഴിയുന്നത്. ഇന്നലെവരെ അന്നം നല്‍കിയവര്‍. അവയുടെ ജീവന്‍ നിലനിര്‍ത്താന്‍ രാത്രിലും പകലും ഒപ്പം നില്‍ക്കുകയാണ് കര്‍ഷകര്‍.