ഇടുക്കിലെ നീലക്കുറിഞ്ഞി വസന്തം കാണാനെത്തുന്ന സഞ്ചാരികൾക്ക് മൂന്നു ദിവസത്തേക്ക് നിയന്ത്രണം. അവധി ദിവസങ്ങൾ കണക്കിലെടുത്ത് സന്ദർശന സമയം രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാക്കി. പ്രദേശത്തേക്കുള്ള വാഹന ഗതാഗതത്തിനും നിയന്ത്രണമുണ്ട്.
ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 4 വരെ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാം. കള്ളിപ്പാറയിലെത്തുന്ന സഞ്ചാരികൾ പ്രധാന ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യണമെന്നാണ് നിർദേശം. നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്. പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയരുതെന്നും അധികൃതർ നിർദേശിച്ചു. ചെറുവാഹനങ്ങൾ പൊലീസ് നിർദേശാനുസരണം പാർക്ക് ചെയ്യണം. . മൂന്നാർ , അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽനിന്ന് സഞ്ചാരികളുമായി എത്തുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജംക്ഷനിൽ നിർത്തണം. അവിടെ നിന്ന് KSRTC ഫീഡർ സർവീസ് ഉണ്ടാകും. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ ഉടുമ്പൻചോലയിൽ നിർത്തണം. വിനോദ സഞ്ചാരികളല്ലാത്ത യാത്രക്കാർക്കുള്ള ക്രമീകരണം ഇപ്രകാരമാണ്. മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽനിന്ന് നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്ന് പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഉടുമ്പൻചോല, വട്ടപ്പാറ, സേനാപതി വഴിയും പോകണം .