idamalakkudi

TAGS

ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് കാര്യാലയം അടുത്ത ജനുവരി ഒന്നു മുതൽ ഇടമലക്കുടിയിൽ തന്നെ പ്രവർത്തിക്കും.  പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ  ഇടമലക്കുടി സന്ദർശിച്ചതോടെയാണ് പഞ്ചായത്ത് ഓഫീസ് കുടിയിലേക്ക് മാറ്റാൻ തീരുമാനമായത്. നിലവിൽ അൻപതു കിലോമീറ്ററകലെ ദേവികുളത്താണ് ഓഫിസ്.

പഞ്ചായത്ത് ഓഫീസ് ഊരിൽ തന്നെ പ്രവർത്തിക്കണമെന്ന വർഷങ്ങൾ നീണ്ട ഇടമലക്കുടിയുടെ ആവശ്യത്തിനാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.. പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സൊസൈറ്റി കുടിയിൽ യോഗം ചേർന്നു. ഇടമലക്കുടിയിൽ മൊബൈൽ  കവറേജും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ലഭ്യമാക്കുന്നതിനുള്ള 4.3 കോടി രൂപയുടെജോലികൾ ബിഎസ്എൻഎൽ ഡിസംബർ 31നകം പൂർത്തീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവികുളത്ത് പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസ് കുടിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇഡലിപ്പാറ കുടി വരെയുള്ള 13.7 കോടിയുടെ റോഡ് നിർമാണം വേഗത്തിലാക്കാനും നിർദേശം നൽകി.

ഇടമലക്കുടി എൽ.പി സ്‌കൂൾ  അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ, കുടിവെള്ള പദ്ധതി, പത്ത് സ്മാർട്ട് അംഗൻവാടികൾ, അഞ്ച് കുട്ടികളിൽക്കൂടി വൈദ്യുതീകരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. സ്‌കൂൾ കെട്ടിടനിർമാണ അനുമതിക്കായി വനാവകാശനിയമപ്രകാരം അപേക്ഷ സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി.