kasargod-accident

TAGS

ഇടിമുഴക്കം പോലെയോ ഭൂമികുലുക്കം പോലെയോ തോന്നി. എന്തോ ഇടിഞ്ഞു വീഴുന്നെന്നു തോന്നിയപ്പോൾ ഡെസ്കിനടിയിലേക്കു കയറി. ഷീറ്റെല്ലാം തലയ്ക്കു മുകളിൽ വീഴുന്നുണ്ടായിരുന്നു. കൂട്ടുകാരെല്ലാം താഴെ വീണു കിടന്നു. പലരും കരയുന്നുണ്ടായിരുന്നു. ആർക്കും അനങ്ങാൻ പോലുമായില്ല. പിന്നെയാണ് ആളുകളെത്തി രക്ഷിച്ചത്, ’ 

 

ഉപ്പള : മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ പന്തൽ പൊളിഞ്ഞുവീണു പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ വാക്കുകളാണിത്. കാര്യമായി പരുക്കേൽക്കാത്ത വിദ്യാർഥികൾ പോലും അപകടത്തിന്റെ ഭീതിയിൽ നിന്നു മോചിതരായിട്ടില്ല. ഒരു നിമിഷം കൊണ്ട് പന്തൽ പൂർണമായും തകർന്നു വീണപ്പോൾ, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. 

 

പരുക്കേറ്റ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ അധ്യാപകരും സംഘാടകരും നാട്ടുകാരും ചേർന്നാണു രക്ഷിച്ചത്. ഭയന്നുപോയ കുട്ടികൾ പല ഭാഗത്തേക്കും ചിതറിയോടി. തങ്ങളുടെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെ കണ്ടെത്താൻ അധ്യാപകരും പരക്കംപാഞ്ഞു. അപകടവിവരമറിഞ്ഞ് രക്ഷിതാക്കൾ വിവരം തേടി വിളിച്ചു തുടങ്ങിയതോടെ വീണ്ടും ആശങ്കയായി. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.വി.പുഷ്പ കാസർകോട് ജനറൽ ആശുപത്രിയിൽ കുട്ടികളെ സന്ദർശിച്ചു.

 

ആദ്യദിന പരിപാടികൾ ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കകമാണ് പന്തൽ പൊളിഞ്ഞത്. പന്തൽ കരാറുകാരനെയും സഹായികളായ 4 പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം മഞ്ചേശ്വരം സിഐ കെ.സന്തോഷ് കുമാറാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

 

പരുക്കേറ്റവരെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രി, ദർലക്കട്ട കെ.എസ്.ഹെഗ്ഡെ ആശുപത്രി, മംഗൽപാടി താലൂക്ക് ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്. മംഗളൂരുവിലെ ആശുപത്രിയിൽ കഴിയുന്നവരെ എ.കെ.എം.അഷ്റഫ് എംഎൽഎയും മഞ്ചേശ്വരം തഹസിൽദാർ വി.രവീന്ദ്രനും സന്ദർശിച്ചു. 

 

ഇടവേള കാത്തു

 

‘ഭാഗ്യം കൊണ്ടു മാത്രമാണ്...’ നിറഞ്ഞ കണ്ണുകളുമായി അധ്യാപികയ്ക്കു വാക്കുകൾ മുഴുപ്പിക്കാനാകുന്നില്ല. ഉപജില്ലാ ശാസ്ത്രമേളയ്ക്കായി ബേക്കൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലേക്ക് 39 കുട്ടികളുമായിട്ടാണ് എത്തിയതെന്നു വോർക്കാടിയിലെ ഒരു എയുപി സ്കൂളിലെ അധ്യാപിക പറഞ്ഞു. പല വേദികളിലായിട്ടാണു മത്സരം. അതിനാൽ മറ്റ് അധ്യാപകർ മറ്റു വേദികളിലായിരുന്നു. എൽപി വിഭാഗത്തിന്റെ മത്സരമായിരുന്നു തകർന്ന വേദിയിൽ ഏറെയും നടന്നിരുന്നത്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുട്ടികളിൽ ഏറെ പേരും ഭക്ഷണത്തിനായി പോയിരുന്നു. ഇതിനിടെ വിധി നിർണയിക്കാനെത്തിയവരും നൂറിലേറെ കുട്ടികളുമായിരുന്നു പന്തലിൽ ഉണ്ടായിരുന്നത്. 

 

ഒരു ചെറിയ ശബ്ദമായിരുന്നു ആദ്യം കേട്ടത്. ഇതോടെ എന്തു സംഭവിച്ചു എന്നറിയാതെ പലരും ഓടി. ഇതിനിടെ വലിയ ശബ്ദത്തോടെ പന്തൽ നിമിഷം നേരം കൊണ്ടു കൺമുന്നിൽ തകരുകയായിരുന്നുവെന്നു അധ്യാപിക പറഞ്ഞു. ഇതിനിടെ അതിനകത്ത് ആയിരുന്ന കുട്ടികൾ പുറത്തേക്കു ചിതറിയോടി. എൽപി വിഭാഗത്തിലെ കുട്ടികളായതിനാൽ ആശങ്കയിലായിരുന്നു. പിന്നിട് കുട്ടികളുടെ നിലവിളിയായിരുന്നു. പന്തൽ ഷീറ്റുകളും ഇരുമ്പ് തൂണുകളുമാണ് കുട്ടികളുടെ ദേഹത്തേക്കു വീണത്. ഇതിനിടെ ചിതറിയോടുന്നതിനിടെ വീണു പലർക്കും പരുക്കേറ്റു. പരുക്കേറ്റവരെ കിട്ടിയ വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. – ടീച്ചർ പറഞ്ഞു.

 

അപകടകാരണമെന്ത്?

 

ബേക്കുർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്രമേള സ്കൂൾ ഗ്രൗണ്ടിലെ 5 പന്തലുകളിലാണു നടന്നത്. ഒരെണ്ണം ഭക്ഷണത്തിനുമായി ചേർത്ത് 6 പന്തലാണ് നിർമിച്ചത്. 5 എണ്ണം തുണി പന്തൽ കെട്ടിയിരുന്നു. ഒരെണ്ണം ഇരുമ്പ് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയതുമായിരുന്നു. 120 അടി നീളവും 60 അടി വീതിയുമുള്ള ഈ പന്തലാണ് ഉച്ചയ്ക്ക് രണ്ടിനു ശേഷം തകർന്ന് വീണത്. 1500 വിദ്യാർഥികളും അധ്യാപകരും എത്തിയിരുന്നു. 

 

120 അടി നീളവും, 60 അടി വീതിയുമുള്ള പന്തൽ നിലത്ത് ശരിയായ രീതിയിൽ ഉറപ്പിക്കാത്തതും പന്തലിന്റെ നടുത്തളങ്ങളിൽ ആവശ്യമായ ‌തൂണുകൾ കൃത്യമായി സ്ഥാപിച്ചു നൽകാത്തതും ഭാരം കൂടുതലയപ്പോൾ താങ്ങാൻ കഴിയാതെ വന്നതാകാം അപകടത്തിന് കാരണമെന്നും വിലയിരുത്തുന്നു. ഇതിനിടെ പന്തലിന്റെ അറ്റകുറ്റപ്പണി ചെയ്യാൻ ഒരാൾ ഇരുമ്പു പൈപ്പിലൂടെ കയറിയപ്പോളാണ് അപകടമുണ്ടായതെന്നു ദൃക്സാക്ഷിയായ ഒരു അധ്യാപിക പറഞ്ഞു. 

 

എല്ലു രോഗ വിദഗ്ധനെ തേടി മണിക്കൂറുകൾ

 

അപകടത്തിൽ പരുക്കേറ്റ പ്ലസ്ടു വിദ്യാർഥി പൈവളികെയിലെ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുറഹിമാൻ ചികിത്സാ സൗകര്യം തേടി അലഞ്ഞത് മണിക്കൂറുകൾ. എക്സ്റേ എടുത്തപ്പോൾ എല്ലിനു ചെറിയ പൊട്ടൽ ഉള്ളതിനാൽ എല്ലിന്റെ ഡോക്ടറുടെ സേവനം ആവശ്യമായിരുന്നു. താലൂക്ക് ആശുപത്രിയിൽ എല്ലിന്റെ ഡോക്ടർ ഇല്ലാത്തതിനാൽ പല സ്വകാര്യ ആശുപത്രിയിലും കാറിൽ കറങ്ങി അന്വേഷിക്കേണ്ടി വന്നു. പിന്നീട് ൈകിട്ട് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഈ സമയമത്രയും കാറിൽ ഇരിക്കേണ്ടി വന്നു. \

 

നടപടി വേണമെന്ന് എംപി

 

അപകടം ഗൗരവതരമാണെന്നും മുൻകരുതലുകൾ എടുക്കാതെ പന്തലും സ്റ്റേജും നിർമ്മിച്ച് അപകടം വിളിച്ചു വരുത്തിയതിനു കാരണക്കാരയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. സർക്കാരിന്റെ ഇത്തരം കെടുകാര്യസ്ഥതയെ ജനങ്ങൾ തിരിച്ചറിയുമെന്നും ശ്കതമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എംപി അറിയിച്ചു. അപകടത്തിൽ പരിക്കുപറ്റിയ കുട്ടികളുടെയും ജീവനക്കാരുടെയും കുടുംബത്തിന്റെ  ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം ഈ വിഷമ ഘട്ടത്തിൽ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പു നൽകിയതായി എംപി കൂട്ടി ചേർത്തു.

 

സേഫ്റ്റി സർട്ടിഫിക്കറ്റ് വേണം : യൂത്ത് ലീഗ്

 

സംഭവം അന്വേഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്‌ അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളിൽ അധികൃതർ ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.

 

പരിക്കു പറ്റിയ വിദ്യാർഥികളുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും നൂറ് കണക്കിന് വിദ്യാർഥികൾ സമ്മേളിക്കുന്ന കലാ-കായിക-ശാസ്ത്ര മേളകളുടെ അണിയറ നിർമാണ പ്രവർത്തനങ്ങളിൽ സംഘാടകരുടെ ഭാഗത്തു നിന്നും ഭാവിയിൽ അപാകതകൾ സംഭവിക്കാതിരിക്കാൻ സേഫ്റ്റി ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും യൂത്ത് ലീഗ് കൂട്ടിച്ചേർത്തു.

 

അന്വേഷണം വേണം:എംഎസ്എഫ്

 

മഞ്ചേശ്വരം ഉപജില്ലാശാസ്ത്രോത്സവം നടക്കുന്ന ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിലെ വേദി തകർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇത്തരം വേദികൾ സ്ഥാപിക്കുമ്പോൾ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ അനുമതി നിർബന്ധമാക്കണമെന്നും എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നമീസ് കുദുക്കോട്ടിയും ജനറൽ സെക്രട്ടറി അൻസാർ വോർക്കാടിയും ആവശ്യപ്പെട്ടു.

 

Kasargod: Pandal collapse at school science expo