TAGS

കൊല്ലം ബൈപാസിൽ വിമാനമിറങ്ങി. കൗതുകക്കാഴ്ച അടുത്ത കണ്ട ആവേശത്തിൽ നാട്ടുകാരും യാത്രക്കാരും. തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന എയർ ഇന്ത്യയുടെ  ഉപയോഗശൂന്യമായ എയർ ബസ് 320 ആണു ലോറിയിൽ ബൈപാസിലെത്തിയത്.

 

ആന്ധ്ര സ്വദേശിയായ സ്വകാര്യ വ്യക്തി ലേലത്തിൽ എടുത്തതാണ് ഉപയോഗ ശൂന്യമായ ഈ വിമാനം. ലോറിയിൽ ഹൈദരാബാദിൽ എത്തിച്ചു ഭക്ഷണശാലയാക്കി മാറ്റും. രണ്ടുദിവസം മുൻപാണു വലിയ കണ്ടെയ്നർ ലോറിയിൽ വിമാനം കയറ്റി യാത്ര ആരംഭിച്ചത്. വിമാനത്തിന്റെ വശങ്ങളിലെയും മുകളിലെയും ചിറകുകളും സമാനമായ മറ്റൊരു വാഹനത്തിൽ  കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരത്തിനു സമീപം   ഈ വാഹനത്തിൽ ബസ് ഇടിച്ച് അപകടമുണ്ടായതിനാലാണ് അതിന്റെ യാത്ര വൈകുന്നത്.

 

ഇന്നലെ പുലർച്ചെയോടെയാണു ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസയുടെ സമീപം വിമാനം എത്തിയ ലോറി നിർത്തിയിട്ടത്. തുടർന്ന് വൈകിട്ടോടെയാണ് യാത്ര പുനരാരംഭിച്ചത്. രാത്രി സമയത്ത് മാത്രമാണ് ഓടുന്നത്. 30 കിലോമീറ്റർ വേഗതയിലാണു  സഞ്ചരിക്കുന്നത്. തുടർന്ന് അനുയോജ്യമായ സ്ഥലത്ത് പാർക്ക് ചെയ്യും. ഹൈദരാബാദിലെത്താൻ 20 ദിവസം വേണ്ടി വരുമെന്നും ജീവനക്കാർ പറഞ്ഞു.

 

കുരീപ്പുഴ ടോൾ പ്ലാസയുടെ സമീപം നിർത്തിയെങ്കിലും ലോറി ജീവനക്കാർക്കു വിശ്രമിക്കാൻ നേരം കിട്ടിയില്ല. കാരണം ലോറിയിൽ വിമാനം എത്തിയതറിഞ്ഞു രാവിലെ മുതൽ തന്നെ നാട്ടുകാരുടെയും യാത്രക്കാരുടെയും തിരക്കായിരുന്നു. ഒടുവിൽ അവരെ നിയന്ത്രിക്കേണ്ട ജോലിയും ലോറി ജീവനക്കാർക്കായി. വൈകുന്നേരം ലോറി യാത്ര തിരിക്കുന്നതുവരെ തിരക്കായിരുന്നു.   മൊബൈലിൽ സെൽഫിയും ചിത്രങ്ങളും എടുക്കുന്ന തിരക്കിലായിരുന്നു പലരും.