വൈക്കം വേമ്പനാട്ട് കായലിന് കുറുകെ മൂന്നര കിലോമീറ്റർ  നീന്തിക്കയറി ഒരു ആറു വയസുകാരി . കോതമംഗലം സ്വദേശി ഗായത്രി പ്രവീണാണ് വേമ്പനാട്ട് കായലിന് കുറുകെ നീന്തിക്കയറിയ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആലപ്പുഴ തവണക്കടവിൽ നിന്ന് ഒരു മണിക്കൂർ 24 മിനിറ്റ് കൊണ്ടാണ് ഗായത്രി വൈക്കം കായലോര ബീച്ചിൽ നീന്തി കയറിയത്.

 

അൽപനേരം കായൽ കാഴ്ചകൾ കണ്ട ശേഷം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അനുഗ്രഹം വാങ്ങിയായിരുന്നു ഗായത്രി കായലിൽ ഇറങ്ങിയത്. കരയിൽ കൂടിയ നാട്ടുകാരുടെ ആരവങ്ങൾക്കിടെ പരിശീലകന്റെ കൈപിടിച്ച് കായലിലേക്കിറങ്ങിയപ്പോൾ സമയം രാവിലെ എട്ട് മുപ്പത്. മുൻമ്പിലും പിന്നിലിമുള്ള പരിശീലകരുടെ സുരക്ഷയിൽ മറുകര ലക്ഷ്യമിട്ട് ആറു വയസുകാരി ചരിത്രത്തിലേക്ക് നീന്തിയപ്പോൾ പ്രോൽസാഹനവുമായി മറ്റൊരു വള്ളത്തിൽ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഒമ്പത് അമ്പത്തി നാലോടെ  വൈക്കത്തെ കായോലര ബീച്ചിൽ ചരിത്രത്തിലേക്ക് നീന്തികയറിയപ്പോൾ നാടിന്റെ കരഘോഷത്തോടൊപ്പം  മുദ്രാവാക്യങ്ങളും ഉയർന്നു.

 

കരയിലെത്തിയ ഗായത്രിയെ എടുത്തുയർത്തിയായിരുന്നു വൈക്കം തഹസിൽദാരുടെ അനുമോദനം. ഒരു വർഷത്തിനുമുമ്പ് നീന്തൽ പഠിച്ചെങ്കിലും ആറുമാസമായിരുന്നു കായൽനീന്താനുള്ള പ്രത്യേക പരിശീലനം. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ പരിശീലകനായ ബിജു തങ്കപ്പന്റെ കീഴിലെ 5 സ്കൂൾ കുട്ടികളാണ് ഒരു വർഷത്തിനിടെ ഇവിടെ കൈകൾ ബന്ധിച്ചടക്കം സാഹസികമായി കായൽ നീന്തിക്കയറിയത്.