palakkad

TAGS

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള സർക്കാർ മെഡിക്കൽ കോളജെന്ന പ്രഖ്യാപനവുമായി പണി തുടങ്ങിയ പാലക്കാട് മെഡിക്കല്‍ കോളജ് എട്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തന സജ്ജമായില്ല. അട്ടപ്പാടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെ ഇപ്പോഴും അടിയന്തര സാഹചര്യങ്ങളില്‍ തൃശൂരിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കെട്ടിടങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും മരുന്ന് വാങ്ങി മടങ്ങുകയല്ലാതെ രോഗികള്‍ക്ക് കിടത്തി ചികില്‍സയുടെ പ്രയോജനം ഇതുവരെ ലഭിച്ചിട്ടില്ല. 

 

ഒപി ആരംഭിച്ചെങ്കിലും ഇതുവരെ നല്ല റോഡായില്ല. അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കാതെ പലതും മൂടിയിട്ട സ്ഥിതിയാണ്. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുള്ള ദിവസം ഒ.പിയിലെത്തിയാല്‍ സാംപിള്‍ മരുന്നുമായി മടങ്ങാം. ഫാര്‍മസിയില്‍ പൂര്‍ണതോതില്‍ മരുന്നെത്തിയിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള ആരും ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്നതാണ് നിലവിലെ അനുഭവം. 

 

ആറ് നിലകളുള്ള മൂന്ന് ടവറുകളിലാണ് ഒപി ബ്ലോക്ക്. പത്ത് നിലകളിലാണ് ഓപ്പറേഷന്‍ തിയറ്റര്‍. 500 കിടക്കകളുടെ സൗകര്യം. എട്ട് ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് കെട്ടിടങ്ങള്‍ക്ക് മാത്രം. 540 കോടിയാണ് ചെലവ് കണക്കാക്കുന്നത്. എട്ട് വര്‍ഷം മുന്‍പ് പണി തുടങ്ങിയ മെഡിക്കല്‍ കോളജ് സാമ്പത്തിക പ്രതിസന്ധി കാരണം പൂര്‍ണതയിലെത്തിയില്ല എന്നതാണ് വികസന വഴിയിലെ യാഥാര്‍ഥ്യം. അട്ടപ്പാടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെ ചികില്‍സാപരിമിതി നേരിടുന്ന സാഹചര്യത്തിലും മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജ്ജമാകാത്തത് ഗൗരവമേറിയ വിഷയമാണ്. പുറത്ത് നിന്ന് നോക്കിയാല്‍ മികച്ച കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യം. അകത്ത് പൂര്‍ണമായും ഒഴിച്ചിട്ട മുറികള്‍ മാത്രമെന്ന് ചിലരെങ്കിലും മെഡിക്കല്‍ കോളജിനെക്കുറിച്ച് ചോദിച്ചാല്‍ തമാശ രൂപേണ പറയും.