lottery

ഡയാ‌ലിസിസിന്‍റെ ക്ഷീണത്തില്‍ മയങ്ങിപ്പോയ ലോട്ടറി വില്‍പ്പനക്കാരന്‍റെ  ടിക്കറ്റുകള്‍ തട്ടിയെടുത്ത് യുവാവ്. തൊടുപുഴ പഞ്ചവടി സ്വദേശി അയ്യപ്പനാണ് തട്ടിപ്പിന് ഇരയായത്. ഇതോടെ ഉപജീവനമാര്‍ഗം വഴിമുട്ടിയ അയ്യപ്പന്‍ മറ്റുവഴികളില്ലാതെ ദുരിതത്തിലാണ്.

വൃക്കരോഗിയായ അയ്യപ്പന്‍ സ്ഥിരമായി ലോട്ടറി വില്‍ക്കുന്നത് തൊടുപുഴ ബിഎസ്എന്‍ല്‍ ജംഗ്ഷനിലാണ്. ഡയാലിസിസ് കഴിഞ്ഞ് ക്ഷീണത്തില്‍ പതിവായെത്തുമ്മ കടത്തിണ്ണയിലിരുന്ന് മയങ്ങിയപ്പോഴാണ് ഒരാളെത്തി രണ്ടായിരം രൂപ വിലവരുന്ന ടിക്കറ്റുകള്‍ കൊണ്ടുപോയത്. ലോട്ടറി നോക്കാനെന്ന വ്യാജേനയെത്തിയാണ് തട്ടിപ്പ്. ലോട്ടറി അപഹരിച്ച ശേഷം തൊട്ടടുത്ത ഹോട്ടലിലേക്ക് കയറിപ്പോയ മോഷ്ടാവ് അധികം വൈകാതെ പുറത്തേക്ക് നടന്നുപോയി. 

ഭാരിച്ച ജോലിയൊന്നും ചെയ്യാനാവാത്ത അയ്യപ്പന്‍റെ ഏക ഉപജീവനമാര്‍ഗമാണ് മോഷ്ടാവ് നശിപ്പിച്ചത്.  ലോട്ടറി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടായിരുന്നു അയ്യപ്പന്‍റെ ജീവിതവും ചികിത്സയുമെല്ലാം നടന്നുവന്നിരുന്നത്. സംഭവമറിഞ്ഞ് പൊലീസ് കേസെടുത്തു..  സംശയമുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.