കലാഭന്‍ മണി വിടവാങ്ങി ഏഴു വര്‍ഷമായിട്ടും ‌ജന്മനാട്ടിലൊരു സ്‌മാരകം എന്ന വാ‌ഗ്‌ദാനം നടപ്പിലായില്ല. ബജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തിയിട്ടും പദ്ധതി കടലാസിലൊതുങ്ങി. പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഏഴു വര്‍ഷമായി. മരണപ്പെട്ടതിന്‍റെ അന്ന് തന്നെ ജന്മനാടായ ചാലക്കുടിയില്‍ മണിക്കായി സ്‌മാരകം പണിയുമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ വര്‍ഷം ഏഴായിട്ടും നടപടിയൊന്നുമായില്ല. ചാലക്കുടിക്കാരന്‍ മണിക്ക് നാട്ടിലൊരു സ്‌മാരകമെന്ന ആശയം ഇപ്പോഴും കടലാസിലൊതുങ്ങി നില്‍ക്കുകയാണ്..

 

മൂന്നു കോടി രൂപയാണ് സ്‌മാരകത്തിനായി ബജറ്റില്‍ വകയിരിത്തിയത്. ചാലക്കുടി ദേശീയ പാതയോരത്ത് ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥലം കണ്ടെത്തി. 35 സെന്‍റാണ് സ്‌മാരകത്തിനായി നീക്കി വച്ചത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാനായില്ല. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ് ഏറ്റെടുക്കല്‍ നടപടി ദീര്‍ഘകാലത്തേക്ക് നീളാന്‍ കാരണമായത്.

 

നഗരസഭക്ക് കീഴിലെ സ്ഥലം വിട്ട് നല്‍കാന്‍ സര്‍ക്കാരോ ഫോക്ക്‌ലോര്‍ അക്കാദമിയോ രേഖാമൂലം ആവശ്യപ്പെട്ടില്ലെന്നാണ് നഗരസഭയുടെ വാദം. മണിയുടെ പേരില്‍ തിയേറ്റര്‍, ഫോക്‌ലോര്‍ അക്കാദമി ഉപകേന്ദ്രം എന്നിവ നിര്‍മിക്കാനായിരുന്നു തീരുമാനം. നിലവില്‍ നഗരസഭാ പാര്‍ക്കിന് കലാഭവന്‍ മണിയുടെ പേര് നല്‍കിയത് മാത്രമാണ് പ്രിയപ്പെട്ട കലാകാരന് ജന്മനാട്ടിലുയര്‍ന്ന ഏക സ്‌മാരകം..