എസ്കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയെ ചുമര്‍ചിത്രമാക്കി ഒരു കൂട്ടം ചിത്രകാരന്മാര്‍. എസ്കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിലെ കലാകാരന്മാരാണ് പതിനായിരിത്തിഒന്ന് അടിയില്‍ കഥ ചിത്രീകരിച്ചത്. എസ്.കെ. പൊറ്റക്കാടിന്റെ 110–ാം ജന്മദിനമായ ഇന്ന് ചുമര്‍ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവുമുണ്ട്.
ഒരുദേശത്തിന്റെ കഥയില്‍ കുറിച്ചിട്ട അതിരാണിപ്പാടവും ഇലഞ്ഞിപ്പൊയില്‍ തറവാടും തേങ്ങാക്കൂടുമൊക്കെ ഒറ്റച്ചുമരില്‍. കാര്യസ്ഥന്റെ തോളിലേറി വരുന്ന കൊച്ചു ശ്രീധരനും തറവാട്ടുമുറ്റത്തെ ഇലഞ്ഞിമരവും ചെമ്പോത്തുമെല്ലാം ഇവിടെ ഛായത്തില്‍ പതിഞ്ഞിരിക്കുന്നു. ഒരുദേശത്തിന്റെ കഥയുടെ 50 –ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ചുമര്‍ ചിത്രീകരണം നടത്തിയത്.
സാംസ്കാരിക കേന്ദ്രത്തിലെ രണ്ടാം നിലയിലാണ് ചുമര്‍ചിത്രം വരച്ചത്. വീട്ടമ്മമാരായ ചിത്രംവരക്കാരാണ് ഭൂരിഭാഗവും. സാഞ്ചാരസാഹിത്യകാരന്റെ കഥയെ ചുമരിലാക്കാന്‍ സാധിച്ചതില്‍ നിറഞ്ഞ സന്തോഷത്തിലാണിവര്‍. ചിത്രകാരനും പരിശീലകനുമായ കെ.ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ 48 കലാകാരന്മാര്‍ ചേര്‍ന്ന് 100 ദിവസം കൊണ്ടാണ് ചുമര്‍ ചിത്രം പൂര്‍ത്തിയാക്കിയത്.