പ്രശ്നങ്ങളെല്ലാം തീർന്നെന്നും നാളെ മുതൽ ജോലിയിൽ പ്രവേശിക്കുമെന്നും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. അണികളിൽ നിന്ന് പ്രശ്നമുണ്ടാകില്ലെന്നും നികുതി കുടിശ്ശിക അടക്കാമെന്നും ഏരിയാ സെക്രട്ടറി എം.വി.സഞ്ജു ഉറപ്പു നൽകിയതായി ജോസഫ് ജോർജ് പറഞ്ഞു. നികുതി കുടിശ്ശിക ചോദിച്ചതിന് ഓഫീസിൽ കയറി വെട്ടുമെന്നായിരുന്നു ഏരിയ സെക്രട്ടറിയുടെ ഭീഷണി. ഇതിന് പിന്നാലെ വില്ലേജ് ഓഫീസർ അവധിയിലും പ്രവേശിച്ചു. സംഭവം വിവാദമായതോടെയാണ് പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചത്.
വീടിന്റെ കെട്ടിട നികുതി കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ബുധനാഴ്ച നാരങ്ങാനം വില്ലേജ് ഓഫിസർ സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിനെ ഫോൺ വിളിച്ചത്. സംസാരത്തിനൊടുവിൽ പ്രകോപിതനായ ഏരിയ സെക്രട്ടറി വില്ലേജ് ഓഫിസറെ വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശമാണ് പുറത്തായത്.
ഏരിയ സെക്രട്ടറിയുമായുള്ള ഫോൺവിളിയുടെ ശബ്ദരേഖ പുറത്തു വന്നതിനു ശേഷം അജ്ഞാത ഭീഷണി ഫോൺ കോൾ വന്നതായും വില്ലേജ് ഓഫീസര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കലക്ടർക്കു പരാതി നൽകിയത്. പിന്നാലെ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. അവധി അപേക്ഷയിലാണ് ഇവിടെ ജോലി ചെയ്യാൻ ഭയമാണെന്നും സ്ഥലം മാറ്റം വേണമെന്നും ആവശ്യപ്പെട്ടത്.