Paddy-Limit

നെല്ല് സംഭരണം ഏക്കറിന് രണ്ടായിരത്തി ഇരുന്നൂറ് എന്ന കൃഷിവകുപ്പിന്റെ നിയന്ത്രണം പിന്‍വലിക്കണമെന്ന് കര്‍ഷകര്‍. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ വിള നേടുന്ന കര്‍ഷകന്‍ പ്രതിസന്ധിയിലാകും. ക്രമക്കേടുകൾ തടയുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കര്‍ഷകരെ പരമാവധി സഹായിക്കുന്ന നടപടിയുണ്ടാകുമെന്നും കൃഷിവകുപ്പ്. 

ഏത് കൃഷിയിലും നല്ല വിള കിട്ടണമെന്നാണ് കര്‍ഷകന്റെ ആഗ്രഹം. എന്നാല്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നൂറുമേനി നേടിയാലും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറല്ല. ഏക്കറിനു 2200 കിലോയിലധികം നെല്ലു വിളഞ്ഞാൽ അധികം ലഭിച്ച നെല്ല് എന്തു ചെയ്യുമെന്നാണ് കര്‍ഷകരുടെ ആശങ്ക. ഇതിനു സപ്ലൈകോയും കൃഷി വകുപ്പും വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ഉൽപാദന വർധന പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം അധിക നെല്ലെടുത്താൽ മതിയെന്നു കർഷകർ ആവർത്തിക്കുന്നു.  ഇതിനായി ക്രോപ് കട്ടിങ് നടത്താൻ കൃഷി വകുപ്പിനു പാടശേഖര സമിതികളും കൃഷിക്കാരും അപേക്ഷ നൽകിയിട്ടുണ്ട്. ഒന്നിലും ഇതുവരെ തീരുമാനമായിട്ടില്ല. മുൻ വര്‍ഷങ്ങളില്‍ കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സപ്ലൈകോ അധിക നെല്ലെടുത്തിരുന്നത്. ഇതിന്റെ മറവിലടക്കം വൻതോതിൽ‍ തട്ടിപ്പുകൾ നടത്തിയതോടെ വിജിലൻസ് വിഭാഗം നടപടികൾ കടുപ്പിച്ചു. ഏക്കറിനു 2200 കിലോ നെല്ലാണ് സപ്ലൈകോയുടെ സംഭരണ പരിധി.