sugathakumari

കവി സുഗതകുമാരിയുടെ വീട് "വരദ" സ്മാരകമാക്കാൻ സർക്കാരിന് വിട്ടുകൊടുക്കാനാവില്ലെന്ന് പുതിയ ഉടമ. സ്വന്തം ആവശ്യത്തിന് താമസിക്കാൻ ആണ് വീട് വാങ്ങിയതെന്ന് ഉടമ പറഞ്ഞു. സർക്കാർ ഏറ്റെടുക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കെയാണ് പുതിയ ഉടമ നിലപാട് വ്യക്തമാക്കിയത്. 

 

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് തലസ്ഥാനനഗരഹൃദയത്തിലുള്ള നന്ദാവനത്തെ വരദ എന്ന സുഗതകുമാരിയുടെ വീട് വാങ്ങിയത്. സുഗതകുമാരിയുടെ മകൾ ലക്ഷ്മി നൽകിയ പരസ്യം കണ്ടാണ് വീട് വിൽപ്പനയ്ക്കുള്ള കാര്യം അറിഞ്ഞതെന്ന് ഉടമ മനോരമന്യൂസിനോട് പറഞ്ഞു. വരദയുടെ തൊട്ടടുത്ത് ആണ് പുതിയ ഉടമ വാടകയ്ക്ക് താമസിക്കുന്നത്. വിൽപ്പന വിവാദമായതിൽ ആശങ്കയുണ്ടെന്ന് പറഞ്ഞ ഉടമ കാമറയിൽ നേരിട്ട് സംസാരിക്കാൻ തയാറായില്ല. വീട് സ്വകാര്യ ആവശ്യത്തിന് കുടുംബത്തിനൊപ്പം താമസിക്കാൻ വാങ്ങിയതാണെന്നും സർക്കാരിന് വിട്ടുനൽകുന്നതിനെക്കുറിച്ച് ആലോചിട്ട് പോലുമില്ലെന്നും വ്യക്തമാക്കി. അതേസമയം, പുതിയ ഉടമ ചെലവഴിച്ച പണം നൽകി വീട് ഏറ്റെടുക്കുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്. വീട് ഏറ്റെടുത്ത് സ്മാരകമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സൂര്യകൃഷ്ണമൂർത്തി അറിയിച്ചിരുന്നു. എല്ലാ സാധ്യതകളും പരിശോധിക്കാൻ മന്ത്രി സജി ചെറിയാനെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുള്ളത്. വിൽപ്പനയ്ക്ക് തയാറാണോയെന്ന് അറിയാൻ പുതിയ ഉടമകളെ സർക്കാർ പ്രതിനിധികൾ സമീപിക്കും.