കെട്ടിട നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കി കോഴിക്കോട്ടെ പെരുവയല്‍ ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് അധികവരുമാനം വേണ്ടെന്നാണ് പ്രമേയത്തിന്റ ഉള്ളടക്കം. എന്നാല്‍ സര്‍ക്കാരിന്റ അനുമതിയുണ്ടെങ്കിലേ തീരുമാനം നടപ്പാക്കാനാകു.

 

നികുതി വര്‍ധന കാരണം സംസ്ഥാനത്ത് സാധാരണക്കാര്‍ നട്ടം തിരിയുന്ന സാഹചര്യത്തിലാണ് പെരുവയല്‍ പഞ്ചായത്തിന്റ ജനകീയ തീരുമാനം. കെട്ടിട നികുതി വര്‍ധന നടപ്പാക്കില്ലെന്നും അധിക തുക വേണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചത്.  നിരക്ക്  വര്‍ധിപ്പിച്ചുള്ള ഉത്തരവ് പിന്‍വലിക്കുകയോ അധിക നിരക്ക് ഒഴിവാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു നല്‍കുകയോ ചെയ്യണമെന്ന് യു.ഡി.എഫ് ഭരണ സമിതി ആവശ്യപ്പെട്ടു.

 

മുന്‍പ് കെട്ടിട നികുതി വര്‍ധിപ്പിച്ചപ്പോള്‍ അടിസ്ഥാന നിരക്ക് നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതിനാല്‍  വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വ്യത്യസ്ത നിരക്കാണുള്ളത്. എന്നാല്‍ ഇപ്പോഴത്തെ വര്‍ധയില്‍ ഇളവുവരുത്താനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പെരുവയല്‍ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചത്.  സി.പി.എം അംഗങ്ങള്‍ പ്രമേയത്തോട്  വിയോജിച്ചു.