TAGS

സംസ്ഥാനത്ത് കെ ഫോണ്‍ വഴി ഫൈവ് ജി സേവനവും ലഭ്യമാക്കാനൊരുങ്ങി സര്‍ക്കാര്‍. ബി.എസ്.എന്‍.എല്ലിന്‍റെ സ്പെക്ട്രം ഉപയോഗപ്പെടുത്തി 5 ജി സേവനം ലഭ്യമാക്കുന്നതിനാണ് നീക്കം. ഇത് പ്രകാരമുള്ള പദ്ധതി റിപ്പോര്‍ട്ട് ബി.എസ്.എന്‍.എല്‍ വെള്ളിയാഴ്ച കെ ഫോണിന് കൈമാറി. തുടക്കത്തില്‍ ടെക്നോപാര്‍ക്ക്, സ്റ്റാര്‍ട് അപ് മിഷന്‍ എന്നിവിടങ്ങളില്‍ പ്രോജക്ട് നടപ്പിലാക്കുന്നതിനാണ് തീരുമാനം. ക്രമേണെ ഇത് വീടുകളിലേക്ക് നല്‍കാനും പദ്ധതിയുണ്ട്.

അതിവേഗ ഇന്‍റര്‍നെറ്റിന്‍റെ ആവശ്യക്കാരായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോലെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് കെ ഫോണ്‍ 5 ജി സേവനം ഒരുക്കുന്നത്. ബി.എസ്.എന്‍.എലിന് ലഭിച്ച സ്പെക്ട്രം ഉപയോഗപ്പെടുത്തി 5 ജി സേവനം നല്‍കുന്നതിനുള്ള അടിസ്ഥാനസൗകര്യം കെ ഫോണ്‍ തയ്യാറാക്കും. 5 ജി ടവറുകളില്‍ കെ ഫോണിന്‍റെ ഫൈബര്‍ ബന്ധിപ്പിക്കും. 5 ജി ടവറുകള്‍ കെ.എസ്.ഐ.ടി.ഐ.എല്‍ തന്നെയാകും സ്ഥാപിക്കുന്നത്. അവിടെ നിന്ന് പോകുന്ന ഫൈബറിലെ ഓരോ നൂറു മീറ്ററിലും 5 ജിക്കായുള്ള ഉപകരണം ഘടിപ്പിക്കണം. വൈദ്യുതി പോസ്റ്റുകളിലാകും 5 ജി ഉപകരണം സ്ഥാപിക്കുന്നത്. വീടുകളില്‍ 5 ജി ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. അങ്ങനെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സമ്മതിക്കുന്നവര്‍ക്കായി കെട്ടിടനിര്‍മാണ പെര്‍മിറ്റ് ചട്ടങ്ങളില്‍ ഇളവ് നല്‍കേണ്ടി വരും. 

കെ ഫോണ്‍, ബി.എസ്.എന്‍.എല്‍ അധികൃതര്‍ തമ്മില്‍ 15 ദിവസം മുമ്പ് 5 ജി പദ്ധതി സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബി.എസ്.എന്‍.എല്‍ പദ്ധതി നിര്‍ദേശം തയ്യാറാക്കി ഇന്നലെ കെ ഫോണിന് കൈമാറി. ഇത് വിശദമായി പരിശോധിച്ചാലെ പദ്ധതി ചെലവ് എത്രയെന്ന് വ്യക്തമാകൂ. 5 ജി അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ വൈദഗ്ധ്യമുള്ളവര്‍ കുറവാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി അസാപ്പുമായി ചേര്‍ന്ന് 5 ജി സെന്‍റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിന് പത്തുകോടിയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

 

5G internet via K-FON; BSNL submits report to K-FON