unionstrike

സ്മാര്‍ട് മീറ്റര്‍ പദ്ധതി ടോട്ടക്സ് രീതിയില്‍ നടപ്പാക്കുന്നതിനെതിരെ വൈദ്യുതി ബോര്‍ഡിലെ എല്‍.ഡി.എഫ്–യു.ഡി.എഫ് അനുകൂല സംഘടനകള്‍ പണിമുടക്കിലേക്ക്. ഇന്നലെ സംഘടനാ നേതാക്കളുമായി കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ ചര്‍ച്ചയില്‍ സമവായമുണ്ടായില്ല. സ്മാര്‍ട് മീറ്റര്‍ പദ്ധതി കൂടിയേതീരുവെന്ന് വൈദ്യുതി ബോര്‍ഡ് ചെര്‍മാന്‍ രാജന്‍ ഖോബ്രഗഡെയും ഈ രീതിയില്‍ പദ്ധതി പാടില്ലെന്ന് സംഘടനകളും ഉറച്ചുനിന്നു.

 

ഈ വര്‍ഷം ഡിസംബറിന് മുമ്പ് സ്മാര്‍ട് മീറ്റര്‍ പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കിയില്ലെങ്കില്‍ ഇതിനുള്ള പതിനഞ്ചുശതമാനവും വിതരണ ശൃംഖല നവീകരിക്കാനുള്ള പദ്ധതിയ്ക്കുള്ള അറുപതുശതമാനവും കേന്ദ്രസബ്സിഡി കിട്ടില്ലെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ഖോബ്രഗഡെ പറഞ്ഞു. എന്നാല്‍ ഇത് സംഘടനാനേതാക്കള്‍ കാര്യകാരണ സഹിതം എതിര്‍ത്തു. പതിനൊന്ന് സംഘടനകള്‍ എതിര്‍പ്പറിയിച്ചപ്പോള്‍ അഞ്ചുസംഘടനകള്‍ അനൂകൂലിച്ചു. വൈദ്യുതി ബോര്‍ഡിലെ 92 ശതമാനം വരുന്ന ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകള്‍ മാനേജ്മെന്റിന്റെ നിലപാടിന് എതിരാണ്.

 

സ്മാര്‍ട് മീറ്റര്‍ ടെന്‍ഡര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചെങ്കിലും ബോര്‍ഡ് മാനേജ്മെന്റ് മുന്നോട്ടുതന്നെ. സാങ്കേതിക ടെന്‍ഡര്‍ വരെ പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. ഒന്‍പത് സ്വകാര്യ കമ്പനികളാണ് രംഗത്ത് എന്നറിയുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.

 

LDF-UDF organizations in electricity board to go on strike against implementation of smart meter project in TOTEX style