salimbook

സൗഹൃദങ്ങളെ സാക്ഷിയാക്കി നടൻ സലിം കുമാറിന്‍റെ പുസ്തകം വായനക്കാരിലേക്ക്. മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ഈശ്വരാ വഴക്കില്ലല്ലോ' എന്ന പുസ്തകം നടൻ കുഞ്ചാക്കോ ബോബൻ പ്രകാശിപ്പിച്ചു. ജൻമനാട്ടിൽ സലിംകുമാറിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

ചിറ്റാറ്റുകരയിലെയും പൂയപ്പിള്ളിയിലെയും നാട്ടുകാരും സുഹൃത്തുക്കളും സാക്ഷി. നടൻ കുഞ്ചാക്കോ ബോബൻ രമേഷ് പിഷാരടിക്ക്  നൽകിയായിരുന്നു ഈശ്വരാ വഴക്കില്ലല്ലോയുടെ പ്രകാശനം. പുസ്തകത്തിലെ കഥാപാത്രങ്ങളുൾപ്പെടെ പങ്കെടുത്ത ചടങ്ങ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം ഉദ്ഘാടനം ചെയ്തു. ഭാഷയുടെ ഭാരമില്ലാതെ ലളിതമായ ജീവിതകഥകളുടെ സരസമായ സഞ്ചാരമാണ് സലിമിന്റെ രചനയെന്ന് ബെന്നി പി.നായരമ്പലം പറഞ്ഞു. സലിംകുമാറിന്റെ ഒരു ഡയലോഗെങ്കിലുമില്ലാതെ മലയാളിയുടെ സോഷ്യൽ മീഡിയ ജീവിതം കടന്നുപോകുന്നില്ലെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ കമന്റ്.

സലിംകുമാർ എഴുത്തുകാരൻ മാത്രമല്ല കവിയുമാണെന്ന് വ്യക്തമാക്കിയ നടൻ വിനോദ് കെടാമംഗലം സലിംകുമാർ പറവൂരിനെക്കുറിച്ചെഴുതിയ കവിത ചൊല്ലി. രാംമോഹൻ പാലിയത്ത് പുസ്തക പരിചയം നടത്തി. എൻ.എം. പിയേഴ്സൻ അധ്യക്ഷനായി. അഭിനയത്തിലും എഴുത്തിലും മലയാള മനോരമ നൽകിയ പിന്തുണ മറക്കാൻ കഴിയാത്തതാണെന്ന് സലിംകുമാർ പറഞ്ഞു. ധർമജൻ ബോൾഗാട്ടിയടക്കം ചടങ്ങിൽ പങ്കെടുത്തു.