bike-camera

എടത്വ : ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാസ്ക് വച്ച് മറച്ച് എഐ ക്യാമറയ്ക്കു മുന്നിലൂടെ തലങ്ങും വിലങ്ങുമുള്ള യാത്രയ്ക്കൊടുവിൽ വിദ്യാർഥി പൊലീസ് പിടിയിലായി. എടത്വ പ്രധാന പാലത്തിന്റെ തെക്കേക്കരയിൽ സ്ഥാപിച്ച എഐ ക്യാമറയ്ക്കു മുന്നിലായിരുന്നു എടത്വ കോളജിൽ പഠിക്കുന്ന തലവടി സ്വദേശിയായ വിദ്യാർഥിയുടെ പ്രകടനം.

രാവിലെ കോളജിലേക്ക് പോകുമ്പോൾ പാലത്തിലേക്ക് തിരിച്ച് വച്ചിരിക്കുന്ന എഐ ക്യാമറയ്ക്കു മുന്നിൽ എത്തുന്നതിനു മുൻപ് ബൈക്കിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറയ്ക്കും. വൈകിട്ട് കോളജ് വിട്ട് വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിന്റെ പിന്നിലെ നമ്പർ പ്ലേറ്റ് മാസ്ക് ഉപയോഗിച്ച് മറയ്ക്കും.

 

സംഭവം തുടർന്നതോടെ എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വകാര്യ വ്യക്തികളുടെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെയാണു വിദ്യാർഥിയെ പൊലീസ് പിടികൂടിയത്. ഡ്രൈവിങ് ലൈസൻസും ബൈക്കിന്റെ മറ്റ് രേഖകളും വിദ്യാർഥിയുടെ കൈവശം ഉണ്ടായിരുന്നു. എഐ ക്യാമറയെ കബളിപ്പിക്കാൻ ചെയ്തതാണെന്നാണു വിദ്യാർഥി പൊലീസിനോടു പറഞ്ഞത്. സിഐ കെ.ബി ആനന്ദബോസ്, എസ്ഐ മഹേഷ്, സിപിഒമാരായ ജസ്റ്റിൻ, സഫീർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.