mg

എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റുകൾ കാണാതായ കേസിൽ സിപിഎം അനുകൂല അസോസിയേഷനോടും പൊലീസിനോടും കടുത്ത അതൃപ്തി അറിയിച്ച് സിപിഐ അനുകൂല സംഘടന. സർവ്വകലാശാലയിൽ മൊട്ടുസൂചി അനങ്ങുന്നത് പോലും ഞങ്ങൾ അറിഞ്ഞാണെന്ന  അഹന്ത പറയുന്നവർക്ക് ഇതിൽ ഉത്തരവാദിത്തമില്ലേയെന്നാണ് എംപ്ലോയീസ് ഓർഗനൈസേഷന്റെ ചോദ്യം. പൊലീസ് അന്വേഷണത്തിലെ മെല്ലെ പോക്കിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് സിപിഐയുടെ പ്രതികരണം

അതീവ സുരക്ഷാ മേഖലയിൽ നിന്ന് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതിനെ തുടർന്ന് എംജി സർവകലാശാല പരാതിപ്പെട്ടിട്ട് രണ്ടാഴ്ചയായി. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി  എന്ന് അവകാശപ്പെടുന്ന ഗാന്ധിനഗർ പൊലീസിന് ഇതുവരെയും കേസെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. സിപിഎം അനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ സംഘടനകൾ വിമർശനം ഉയർത്തുന്നതിനൊപ്പമാണ് സിപിഐടെയും വിമർശനം.സർട്ടിഫിക്കറ്റുകൾ കാണാതായതായി റിപ്പോർട്ട് ചെയ്ത കോൺഗ്രസ് അനുകൂല യൂണിയനിലെ ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.സസ്പെൻഷൻ പിൻവലിക്കണമെന്നും കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമാണ് സിപിഐ അനുകൂല സംഘടനയായ മഹാത്മാഗാന്ധി എംപ്ലോയീസ് ഓർഗനൈസേഷന്റെ ആവശ്യം.

ജോയിന്റ് റജിസ്ട്രാറുടെ നേതൃത്വത്തിൽ നടന്നുവരുന്ന സർവകലാശാലതല അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഉറപ്പായാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കൂ . ഈ റിപ്പോർട്ട് ഇന്ന് വിസിക്ക് സമർപ്പിക്കും. അതേസമയം സർട്ടിഫിക്കറ്റുകൾ കാണാതായതായി മാത്രമാണ് സർവ്വകലാശാല പരാതിപ്പെട്ടിരിക്കുന്നതെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കേസെടുക്കാമെന്നുമാണ് ഗാന്ധിനഗർ പൊലീസിന്റെ വിശദീകരണം.