അനുഭവത്തിന്റെ തീച്ചൂളകളിൽ നിന്ന് ആർജ്ജവം ഉൾക്കൊണ്ട് എഴുത്തിൽ മായാജാലം തീർക്കുന്ന ഒരു എഴുത്തുകാരിയെ പരിചയപ്പെടാം.. കടുത്തുരുത്തി സ്വദേശിനിയായ രജനി പാലാമ്പറമ്പിൽ എഴുതിയ 'ആ നെല്ലിമരം പുല്ലാണ്' എന്ന പുസ്തകം പലരും കേട്ടിട്ടുണ്ടാകും.. ആദ്യ പുസ്തകം തന്നെ എംജി സർവകലാശാല സിലബസിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ്
നെല്ലിമരം എന്നാൽ മലയാളിക്ക് സ്കൂൾ കാലഘട്ടമെന്ന ആദ്യം കയ്ക്കുന്ന പിന്നീട് മധുരിക്കുന്ന ഓർമ്മയാണ്.. എന്നാൽ രജനിക്ക് അത് പിന്നീട് ഒരിക്കലും മധുരിക്കാത്ത ആഴത്തിലേറ്റ മുറിവുകൾ ആയിരുന്നു... ആ മുറിവുകളുടെ വേദനയിൽ നിന്ന് രജനി എഴുതിയ വാക്കുകൾ വായനക്കാരന്റെ ഹൃദയത്തിൽ തുളഞ്ഞു കയറും. ആ നെല്ലിമരം പുല്ലാണ് രജനിയുടെ ആത്മകഥ മാത്രമല്ല പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട വലിയൊരു സമൂഹം നേരിടുന്ന അവഗണനകളുടെ അനുഭവസാക്ഷ്യമാണ്.
പുതിയ ചെറുകഥ സമാഹാരത്തിന്റെ പണിപ്പുരയിലാണ് രജനി. ഭർത്താവിന്റെ മരണത്തിനുശേഷം 2021 ലാണ് എഴുത്തിലേക്ക് അടുക്കുന്നത്.. വിദ്യാർഥികളായ മക്കളും എഴുത്തിന് കരുത്തായി ഒപ്പമുണ്ട്.