കഴിഞ്ഞ ഓണത്തിന് ഹോര്‍ട്ടികോര്‍പ് ശേഖരിച്ച ഇഞ്ചിയുടെ വില നല്‍കാത്തതിനാല്‍ മകളുടെ തുടര്‍പഠനത്തിന് പണം കണ്ടെത്താനാകാതെ കര്‍ഷകന്‍. വിളകള്‍ ശേഖരിച്ച് പതിനൊന്ന് മാസം പിന്നിടുമ്പോഴും പണം എന്ന് കിട്ടുമെന്നതില്‍ ഒരറിയിപ്പും കര്‍ഷകനില്ല.
കര്‍ഷകന് താങ്ങാകേണ്ട സ്ഥാപനം തന്നെ കര്‍ഷകനെ ദുരിതത്തിലേക്ക് തള്ളിവിടുന്ന് അനുഭവമാണ് വയനാട് മൂലങ്കാവ് സ്വദേശി മുരളീധരനുള്ളത്. കഴിഞ്ഞ ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പിന് ഇഞ്ചി നല്‍കിയ വകയില്‍ ഒന്നര ലക്ഷത്തിലധികം രൂപയാണ് മുരളീധരന് കിട്ടാനുള്ളത്. ഇഞ്ചിയില്‍ നിന്നുള്ള വരുമാനം കൊണ്ട് മകളുടെ പഠനത്തിന് പണം കണ്ടെത്താനായിരുന്നു ഉദ്ദേശം. പക്ഷെ, ഹോര്‍ട്ടികോര്‍പ് ചതിച്ചു.
പണം കിട്ടാതായതോടെ കടം വാങ്ങിയാണ് അടുത്ത കൃഷിയിറക്കിയത്. ഭവനവായ്പ തിരിച്ചടവും മുടങ്ങിയതോടെ ബാങ്കില്‍ നിന്ന് ജപ്തി ഭീഷണിയും ഉണ്ട്. ഇഞ്ചിക്ക് മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് വില കിട്ടുന്ന കാലത്താണ് പതിനൊന്ന് മാസം മുന്‍പ് സര്‍ക്കാരിന്‍റെ കീഴിലുള്ള ഹോര്‍ട്ടികോര്‍പ്പിന് വിളവ് വിറ്റ കര്‍ഷകന്‍ പണത്തിനായ് നെട്ടോട്ടമോടുന്നത്.
Horticorp did not pay the price of ginger collected last year