TAGS

ഇടുക്കി കരുണാപുരം വില്ലേജ് ഓഫീസിന് സ്മാർട്ട് എന്ന വിശേഷണം പേരിൽ മാത്രം. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ച ജില്ലയിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഒന്നായ കരുണാപുരം വില്ലേജ് ഓഫീസിൽ ഇരിക്കാൻ കസേര പോലുമില്ല. സൗകര്യങ്ങൾ ഒരുക്കാൻ ഒരു മാസമെങ്കിലും സമയമെടുക്കും എന്നാണ് അധികൃതർ പറയുന്നത്.

 

ജില്ലയിലെ 11 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി പ്രഖ്യാപിച്ച് റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തത് ദിവസങ്ങൾക്ക് മുൻപ് . ഒട്ടുമിക്കതും പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ചിലത് തൊട്ടടുത്ത ദിവസങ്ങളിലായി പ്രവർത്തനം ആരംഭിക്കും. എന്നാൽ കരുണാപുരം വില്ലേജ് ഓഫീസ് മാത്രം ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെ. സൗകര്യങ്ങൾ പലതുണ്ടെങ്കിലും, പുതിയ കെട്ടിടത്തിൽ ഉദ്യോഗസ്ഥർക്ക് ഇരിക്കാനുള്ള കസേര പോലുമില്ല. ഇൻറർനെറ്റും വൈദ്യുതിയും ഇതുവരെ സജ്ജീകരിച്ചില്ല. ഇതൊന്നുമില്ലാതെയാണ് മറ്റു കെട്ടിടങ്ങളുടെ കൂടെ കരുണാപുരം വില്ലേജ് ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ചത്.

 

ശാന്തൻപാറ വില്ലേജ് ഓഫീസിലും സമാനമായിരുന്നു സ്ഥിതി. ഇക്കഴിഞ്ഞ ദിവസമാണ് ഇവിടെ വൈദ്യുതിയും ഇൻറർനെറ്റും ഉൾപ്പെടെ സജ്ജീകരിച്ചത്. 

അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കി പുതിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.