TAGS

പേര് വിവാദത്തില്‍പെട്ട മലയാള ചിത്രം ജയിലറിന് തിയറ്റര്‍ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരം.  സംവിധായകന്‍ സക്കീര്‍ മഠത്തിലാണ് പ്രതിഷേധം നടത്തിയത്. രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിനൊപ്പം ഓഗസ്റ്റ് പത്തിനാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറും റിലീസ് പ്രഖ്യാപിച്ചട്ടുള്ളത്.

 

തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമകള്‍ക്ക് ശ്വാസം മുട്ടുന്നുവെന്ന് ആരോപിച്ചാണ് സംവിധായകൻ സക്കീര്‍ മഠത്തില്‍ ഒറ്റയാൾ സമരം നടത്തിയത്. 2021 ല്‍ കേരള ഫിലിം ചേമ്പറില്‍ പേര് റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് സക്കീർ മഠത്തിൽ പറയുന്നത്. 

 

റജിസ്ട്രേഷൻ തെളിവ് കാണിച്ച് രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിന് മറുപടിയായി സണ്‍ പിക്‌ച്ചേഴ്‌സ് തങ്ങള്‍ പേര് മാറ്റില്ലെന്ന് കാണിച്ച് ഇരുന്നൂറ് പേജ് അടങ്ങുന്ന വക്കീല്‍ നോട്ടീസ് അയക്കുകയാണ് ചെയ്തതെന്നും സക്കീർ പറയുന്നു.ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ കോടതിയിലാണ്.