വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശി ലാലിച്ചന്റെ ഹൃദയം ശ്രുതിയില്‍ മിടിക്കുവാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം. കേരളത്തില്‍ ആദ്യമായാണ് ഹൃദയം മാറ്റിവച്ച ഒരു വ്യക്തി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. ശസ്ത്രക്രിയ നടന്ന എറണാകുളം ലിസി ആശുപത്രിയിൽ ശ്രുതിയും ലാലിച്ചന്റെ കുടുംബവും ഒത്തുചേർന്നു.
43-ാം വയസ്സില്‍ നിന്നു പോകുമായിരുന്ന ലാലിച്ചന്റെ ഹൃദയമിടിപ്പാണ് ശ്രുതിയിലൂടെ ലാലിച്ചന്റെ കുടുംബാംഗങ്ങൾ കേൾക്കുന്നത്. 2013ൽ ലോക അവയവദാന ദിനമായ ഓഗസ്റ്റ് 13-ന് ആണ് മസ്തിഷ്‌ക്ക മരണം സംഭവിച്ച ലാലിച്ചന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന വലിയ തീരുമാനം ഈ കുടുംബം എടുത്തത്. പിറവം, ആരക്കുന്നം സ്വദേശി ശ്രുതിക്ക് 24-ാം വയസ്സിൽ ലാലിച്ചന്റെ ഹൃദയം മാറ്റിവച്ചു.ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. വിഷമഘട്ടങ്ങളിൽ താങ്ങായി നിന്നവർക്ക് നന്ദിയുണ്ടെന്ന് ശ്രുതി പറഞ്ഞു.
ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ആശുപത്രി അധികൃതർ ,നടി അന്നാബൻ, ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, ജീവനക്കാർ, ഹൃദയം മാറ്റിവച്ചവര്‍ എന്നിവരുള്‍പ്പെടെ ഒത്തുചേരലിൽ പങ്കാളികളായി.