കോട്ടയത്തെ ആകാശപ്പാതയുടെ ബല പരിശോധന ഇന്നുമുതൽ. പരിശോധന റിപ്പോർട്ട് അനുസരിച്ചാകും ആകാശപാത പദ്ധതി തുടരണോ പൊളിച്ചു നീക്കണോ എന്ന് തീരുമാനിക്കുക. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്
ബലപരിശോധനയുടെ ഭാഗമായി ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് രാത്രിയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. രാത്രി 10 മുതൽ രാവിലെ 6 മണി വരെയാണ് കിറ്റ്കോയുടെ നേതൃത്വത്തിൽ പരിശോധന. പാതിവഴിയിൽ നിന്നു പോയ ആകാശപാതയുടെ തൂണുകളും കമ്പികളും ജീവന് ഭീഷണിയാണെന്നറിയിച്ച് നൽകിയിരിക്കുന്ന ഹർജിയാണ് കോടതിയുടെ പരിഗണനയിലിരിക്കുന്നത്. ആകാശപാതയുടെ നിർമ്മാണം പൂർത്തീകരിക്കാൻ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു.നാറ്റ് പാക്കിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി കലക്ടർ സത്യവാങ്മൂലത്തിലും അറിയിച്ചിരുന്നു. ബല പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് അനുകൂലമായാൽ തുടർനടപടികൾ സ്വീകരിക്കാം.തിരുവനന്തപുരത്തുനിന്ന് ഏറ്റുമാനൂരിലേക്കുള്ള ഭാരവാഹനങ്ങൾ നാട്ടകം സിമന്റ് കവലയിൽ നിന്ന് തിരിഞ്ഞും ഏറ്റുമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങൾ നാഗമ്പടം വഴിയും പോകണം.