pakmanonam

TAGS

ഓണം ആഘോഷിക്കാൻ പാക്കിസ്ഥാൻ പൗരൻ കേരളത്തിലേക്ക്. ഭാര്യയുടെ നാട്ടിൽ ആദ്യമായി പോകുന്നതിന്റെ സന്തോഷത്തിലാണ് അജ്മാനിൽ സ്ഥിരതാമസമാക്കിയ പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ തൈമൂർ താരിഖ്. ഓണത്തിനൊപ്പം ഈ യാത്രയിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ചൂടും നേരിട്ട് കണ്ടറിയും തൈമൂർ. പുതുപ്പള്ളിയിലാണ് ഭാര്യ ശ്രീജയുടെ വീട്.

പാക് പൗരൻ തൈമൂർ താരിഖിന്റെയും ഭാര്യ പുതുപ്പള്ളി സ്വദേശി ശ്രീജയുടെ  വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് അറുതിയായത്. അജ്മാനിൽ ബിസനസുകാരനായ തൈമൂറും നഴ്സായ ശ്രീജയും ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2018 ഏപ്രിലിൽ ആണ് വിവാഹിതരായത്. അന്ന് തൊട്ട് ഇന്ത്യയിലേക്കുള്ള വീസയ്ക്കായി പലതവണ അപേക്ഷിച്ചെങ്കിലും പലകാരണങ്ങൾ കൊണ്ട് മുടങ്ങുകയായിരുന്നു. ടിക് ടോക്കിൽ സജീവമായ ഇരുവരും രണ്ട് വർഷംമുൻപൊരു ഓണക്കാലത്ത് മലയാളത്തിൽ ഓണാശംസകൾ നേർന്ന വീഡിയോ വൈറലായിരുന്നു. 

അമ്മൂമ മരിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ശ്രീജ പുതുപ്പള്ളിയിലേക്ക് പോയത്. ഇനി തൈമൂറിനൊപ്പം മടങ്ങാനാണ് തീരുമാനം. കേരളം ഏറെ ഇഷ്ടപ്പെടുന്ന തൈമൂറിന്റെ സുഹൃത്തുക്കളേറെയും മലയാളികളാണ്. കേരളത്തിലെ സുഹൃത്തുക്കളെല്ലാം വിളിക്കുന്നുണ്ടെങ്കിലും ഈ യാത്രയിൽ പുതുപ്പള്ളി വിട്ട് മറ്റെങ്ങോട്ടുമില്ലെന്നാണ് തൈമൂർ പറയുന്നത്.

ഓണത്തിനൊപ്പം പുതുപ്പള്ളിയിലേ ഉപതിരഞ്ഞെടുപ്പ് ആവേശവും കാണാമെന്ന സന്തോഷവുമുണ്ട് ഈ യാത്രയിൽ തൈമൂറിന്. മാപ്പിള പാട്ടുകളുടെ ആരാധകനായ തൈമൂർ ശ്രീജയ്ക്കൊപ്പം ഗൾഫിലെ കൂട്ടായ്മകളിൽ സ്ഥിരം സാന്നിധ്യമാണ് .

Pakistani citizen to Kerala to celebrate Onam