തിരുവനന്തപുരം തുമ്പയില്‍ നാഗാലാന്‍‍ഡ് സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗിക അക്രമം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തി കടന്നു പിടിച്ച പ്രതി മേനംകുളം സ്വദേശി അനീഷിനെ അറസ്റ്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയണെന്ന് പൊലീസ് പറഞ്ഞു. 

 

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇരുപതുകാരി കുളത്തൂരില്‍ ദേശീയപാത സര്‍വീസ് റോഡിലൂടെ താമസ സ്ഥലത്തേയ്ക്ക് നടക്കുമ്പോഴാണ്  ആക്രമിക്കപ്പെട്ടത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പന്ത്രണ്ടരയോടെ  മടങ്ങുകയായിരുന്നു യുവതി സര്‍വീസ് റോഡിലേയ്ക്ക് കയറിയ ഉടന്‍ പിന്നാലെ ബൈക്കിലെത്തിയ പ്രതി അനീഷ്  കടന്നു പിടിച്ചു. നിലത്ത് വീണ യുവതിയുടെ നിലവിളി കേട്ട്  സഹപ്രവര്‍ത്തരും നാട്ടുകാരും ഒാടിയെത്തിയതോടെ അക്രമി രക്ഷപെട്ടു. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി പരിശോധിച്ച് ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്നാണ് മേനംകുളത്തെ വീട്ടില്‍ നിന്ന്് പുലര്‍ച്ചെ പ്രതിയെ പിടികൂടിയത്. മൂന്ന് മാസം മുമ്പ് ഇതേ പ്രദേശത്ത് സമാന അക്രമം നടത്തിയപ്രതി വിഷ്ണുവിനെ പിടികൂടിയിരുന്നു. ധാരാളം സ്ത്രീകള്‍ രാത്രി കാലങ്ങളിലും ജോലി ചെയ്യുന്ന പ്രദേശത്ത് മതിയായ സുരക്ഷയില്ലെന്ന പരാതിയുണ്ട്.