• 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറണം
  • 30 ദിവസത്തിനുള്ളിലെങ്കിൽ പണം പെട്ടന്ന് അക്കൗണ്ടിലെത്തും
  • വൈകിയാൽ കൃത്യമായ തെളിവ് രേഖാമൂലം വിശദീകരിക്കണം
  • മറ്റ് സംസ്ഥാനക്കാരെങ്കില്‍ നോട്ടറിയുടെ അറ്റസ്റ്റേഷൻ ഹാജരാക്കണം
  • 60 ദിവസം കഴിഞ്ഞാല്‍ എത്തേണ്ടത് ലോട്ടറി ഡയറക്ടര്‍ക്ക് മുൻപിൽ
  • പരമാവധി സമയപരിധി 90 ദിവസം

ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പിന് ഇനി ചുരുങ്ങിയ സമയം മാത്രമാണ് ബാക്കി. കേരള ലോട്ടറി നറുക്കെടുത്ത് 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കൈമാറണമെന്നാണ് ചട്ടം. പലകാരണങ്ങള്‍ കൊണ്ടും 30 ദിവസത്തിനകം ചിലപ്പോള്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കണമെന്നില്ല. അപ്പോള്‍ മറ്റൊരു 30 ദിവസം കൂടി ഇളവ് നല്‍കാന്‍ ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് അധികാരമുണ്ട്. വൈകിയതിന് പറയുന്ന കാരണം ന്യായമാണെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ക്ക് ബാധ്യപ്പെട്ടാലേ പണം കിട്ടൂ. രേഖകള്‍ സംഘടിപ്പിക്കാനുള്ള കാലതാമസമാണ് കാരണമെങ്കില്‍ അതിന് കൃത്യമായ തെളിവ് രേഖാമൂലം വിശദീകരിക്കണം. ലോട്ടറി അടിച്ചത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെങ്കില്‍ അവര്‍ നോട്ടറിയുടെ അറ്റസ്റ്റേഷനും കൂടി ഹാജരാക്കണം. 

 

 

ഇനി ഈ 30 ദിവസവും കഴിഞ്ഞു എന്നിരിക്കട്ടെ. അതായത് ആകെ 60 ദിവസം. 60 ദിവസം കഴിഞ്ഞാല്‍ പിന്നെ തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ടര്‍ക്ക് മുന്നിലാണ് എത്തേണ്ടത്. അത് വളരെ അപൂര്‍വമായ ഒരു സാഹചര്യമാണ്. 60 ദിവസത്തിനകം എവിടെയും ലോട്ടറി നല്‍കാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് ലോട്ടറി ഡയറക്ടര്‍ക്ക് ബോധ്യപ്പെടണം. അതായത് ലോട്ടറി ഹാജരാക്കാനുള്ള പരമാവധി സമയപരിധി എന്നത് 90 ദിവസമാണ്. 

 

 

 

എന്നാല്‍ ആദ്യത്തെ 30 ദിവസം കഴിഞ്ഞാല്‍ സമ്മാനത്തുക കിട്ടാന്‍ നൂലാമാലകളും കാലതാമസവും ഏറെയാണ്. 30 ദിവസത്തിനകം തന്നെ ലോട്ടറി ടിക്കറ്റ് ഹാജരാക്കിയാല്‍ പണം പെട്ടന്ന് അക്കൗണ്ടിലെത്തും. പരമാവധി 15 ദിവസമേ എടുക്കുകയുള്ളു. അതുകൊണ്ട് ലോട്ടറിയടിച്ച വിവരമറിഞ്ഞാല്‍ വച്ചുകൊണ്ടിരിക്കാതെ എത്രയും പെട്ടന്ന് അത് കൈമാറി പണമാക്കി മാറ്റാന്‍ ശ്രദ്ധിക്കുക.

 

Here is the time frame for Kerala lottery winners to submit the winning tickets to lottery department