പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷവും കാലംസാക്ഷിയെന്ന ആത്മകഥയിലൂടെ ഉമ്മൻചാണ്ടിയാണ് രാഷ്ട്രീയ ചർച്ചകളിലാകെ. ഇപ്പോഴിതാ ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനെതിരെ ആയുധമാക്കി സി.പി.എമ്മും രംഗത്തെത്തിയിരിക്കുകയാണ്. മകൾക്കെതിരായ അപവാദപ്രചാരണങ്ങൾ ഏറ്റെടുക്കില്ലെന്ന് പി. ജയരാജൻ മുഖേന പിണറായി വിജയൻ ഉറപ്പുനൽകിയെന്ന പുസ്തകത്തിലെ വെളിപ്പെടുത്തൽ ശരിവച്ച പി. ജയരാജൻ രേഖകൾ പ്രചരിപ്പിച്ചതിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ആരോപിച്ചു. രമേശിനെ വീണ്ടും പ്രതിപക്ഷനേതാവാക്കാൻ ആഗ്രഹിച്ചെന്നും സതീശനെ മന്ത്രിയാക്കാൻ ശ്രമിച്ചെന്നുമുള്ള ആത്മകഥയിലെ വെളിപ്പെടുത്തലുകളും ചർച്ചയായി.
കെ. മൂത്ത മകൾ മറിയ ഉമ്മനെതിരെ വ്യാജ രേഖകൾ ഉയർത്തി കെട്ടിപ്പൊക്കിയ അപവാദക്കഥകൾ സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ നിലപാട് എടുത്തെന്നും അക്കാര്യം പി.ജയരാജനിലൂടെ തന്നെ അറിയിച്ചതെന്നും ആത്മകഥയിലുണ്ട്. ഇത് ശരിവച്ച പി.ജയരാജൻ ഈ ആരോപണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് ആരോപിച്ചു.
2011ൽ മുഖ്യമന്ത്രിയായപ്പോൾ വി.ഡി.സതീശനെ മന്ത്രിയാക്കാൻ ശ്രമിച്ചെങ്കിലും സി.എൻ.ബാലകൃഷ്ണന്‍റെ പേര് ഉയർത്തി രമേശ് തടഞ്ഞെന്നാണ് ഉമ്മൻചാണ്ടിയുടെ മറ്റൊരു വെളിപ്പെടുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഹൈക്കമാൻഡിന് ആരുടെയും കാര്യത്തിൽ പ്രത്യേക താൽപര്യമില്ലെന്ന് കെ.സി.വേണുഗോപാലും നിരീക്ഷകനായി വന്ന മല്ലികാർജ്ജുൻ ഖർഗെയും ഉറപ്പുനൽകിയപ്പോൾ താൻ രമേശിന് വേണ്ടി നിലകൊണ്ടെന്നും എം.എൽ.എമാരിൽ ഭൂരിപക്ഷം രമേശിനൊപ്പമായിരുന്നവെന്നും കെ.സുധാകരനെ അധ്യക്ഷനാക്കിയപ്പോൾ തന്‍റെ അഭിപ്രായം ആരാഞ്ഞിരുന്നില്ലെന്നും ആത്മകഥയിലുണ്ട്. ഇത് കോൺഗ്രസിൽ തന്നെ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കെ സി.പി.എമ്മും ആയുധമാക്കുകയാണ്.
CPM uses Oommen Chandy's autobiography as a weapon against Congress