ബി.എസ്.എന്‍.എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തിലെ തട്ടിപ്പ് സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുമെന്ന് സഹകരണ വകുപ്പിന്‍റെ റിപ്പോര്‍ട്ട് . 260 കോടിയുടെ നഷ്ടമാണ് സംഘത്തിന് ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഘത്തിലെ നിക്ഷേപത്തെ കുറിച്ചും ഇടപാടുകളെ കുറിച്ചും രേഖകളൊന്നും കണ്ടെത്താനായില്ലെന്നും സഹകരണ റജിസ്ട്രാര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് പറയുന്നു . റിപ്പോര്‍ട്ട് പരിശോധിച്ചശേഷം വകുപ്പുതല നടപടികള്‍ ആവശ്യമാണോ എന്ന് തീരുമാനമെടുക്കും.
ബി.എസ്.എന്‍.എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തിലെ നിക്ഷേപം, പിന്‍വലിച്ച തുക, മറ്റ് സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ സംബന്ധിച്ചുള്ള രേഖകളൊന്നും കണ്ടെത്താനായില്ല എന്നാണ് സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. നിക്ഷേപകരുടെ മൊഴി പ്രകാരം 260 കോടി രൂപ തിരിമറി നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഇതും ഉള്‍പ്പെടുമെന്നും അത്രക്ക് വിപുലമാണ് തട്ടിപ്പെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വ്യാജലോണ്‍ വഴിമാത്രം തട്ടിച്ചത് 23.48 കോടി രൂപയാണ്. രണ്ടുകോടിയോളം രൂപ സ്ഥിര നിക്ഷേപ സര്‍ട്ടിഫക്കറ്റ് വഴിയുള്ള വായ്പ എന്ന പേരില്‍ തട്ടിച്ചു. നിക്ഷേപമായി വരുന്ന തുക സഹകരണ സംഘത്തിന്‍റെ റജിസ്റ്ററുകളില്‍ ഉള്‍പ്പെടുത്താതെ പലരുടെയും ബാങ്ക് അകൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ചിട്ടി തട്ടിപ്പിനെകുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. പരിശോധനയിലും ഒാഡിറ്റിങിലും വീഴ്ചവന്നിട്ടുണ്ടോ എന്ന് സഹകരണ റജിസ്ട്രാര്‍ പരിശോധിക്കും. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്ന വിഷയമായതിനാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന് സഹകരണ വകുപ്പ് അറിയിച്ചു.