cocoonpolice

കുറ്റാന്വേഷണ രംഗത്തെ എ.ഐ സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളും ദോഷങ്ങളും പഠിക്കാന്‍ ഒരുങ്ങി കേരള പൊലീസ്. കൊച്ചിയില്‍ ആരംഭിക്കുന്ന കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സാവും ഇതിനുള്ള ആദ്യ പഠനവേദിയായി മാറുക. സൈബര്‍ തട്ടിപ്പുകാര്‍ എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന വഴികള്‍ മുന്‍കൂട്ടി തിരിച്ചറിയുകയാണ് ലക്ഷ്യമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം മനോരമ ന്യൂസിനോട് പറഞ്ഞു.

എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് മറ്റ് പല സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലാദ്യമായി കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തു. വരുംകാലങ്ങളില്‍ അത്തരം തട്ടിപ്പുകള്‍ വ്യാപകമായേക്കാമെന്നാണ് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. അതോടൊപ്പം എ.ഐ സാങ്കേതിക വിദ്യ തുറന്നിടുന്ന ഉപയോഗസാധ്യതകളും അനന്തമാണ്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന തട്ടിപ്പുകളെ എങ്ങിനെ തടയാം, അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊലീസിന്റെ അന്വേഷണം എങ്ങിനെ മെച്ചപ്പെടുത്താം. ഇതിനേക്കുറിച്ചുള്ള പഠനത്തിന് തുടക്കമിടുകയാണ് കൊക്കൂണ്‍ കോണ്‍ഫറന്‍സ്.

കേരള പൊലീസിന്റെ നേതൃത്വത്തിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൊക്കൂണിന്റെ പതിനാറാം പതിപ്പാണ് അടുത്ത നാല് മുതല്‍ ഏഴ് വരെ കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ നടക്കുക. സൈബര്‍ സുരക്ഷയേക്കുറിച്ചുള്ള ബോധവത്കരണവും പ്രചാരണവും ലക്ഷ്യമിടുന്ന കോണ്‍ഫറന്‍സില്‍ പൊലീസിന് പുറമെ സി.ബി.ഐയും എന്‍.ഐ.എയും ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ പ്രതിനിധികളും സൈബര്‍, ഐ.ടി വിദഗ്ധരും ഉള്‍പ്പടെ പതിനായിരത്തിലേറെപ്പേര്‍ പങ്കെടുക്കും. ഗ്രാവിറ്റി ഉപയോഗിച്ച് പറക്കാന്‍ സാധിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നതും ഇത്തവണത്തെ കൊക്കൂണിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.

 

Kerala police to learn the advantages and disadvantages of AI

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.