പൊതുമേഖലാ സ്ഥാനമായ ട്രാക്കോ കേബിള്‍ കമ്പനി പ്രവര്‍ത്തന മൂലധനമില്ലാതെ അടച്ചുപൂ‌ട്ടലിന്‍റെ വക്കില്‍. സംസ്ഥാനത്തെ മൂന്ന് യൂണിറ്റുകളിലേയും നാന്നൂറോളം തൊഴിലാളികള്‍ക്ക് മൂന്നുമാസമായി ശമ്പളം നല്‍കിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധിച്ചാല്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടിയെക്കുമെന്ന നിലപാടിലാണ്. വൈദ്യുതി ബോര്‍ഡിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമായി കേബിളുകളും കണ്ടക്ടറും നിര്‍മിക്കുന്ന കമ്പനി കോവിഡ് കാലത്തോടെയാണ് ഇരുട്ടിലായത്. തിരുവല്ല, പിണറായി, ഇരുമ്പനം യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് മൂന്നുമാസമായി ശമ്പളം നല്‍കിയിട്ടില്ല. 

കമ്പനി പ്രൊവിഡന്‍റ് ഫണ്ട് വിഹിതം അടയ്ക്കാന്‍ മുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. തൊഴിലാളികളുടെ സഹകരണ സംഘത്തിനും ഒരുകോടി രൂപ നല്‍കാനുണ്ട്.  ആറു മാസത്തിനിടെ വൈദ്യുതി ബോര്‍ഡില്‍നിന്ന് 150 കോടി രൂപയുടെ രണ്ട് ഓര്‍ഡറുകള്‍ ലഭിച്ചിട്ടും ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതിയിലാണ് കമ്പനി. ഇതിനിടെ ഇരുമ്പനം യൂണിറ്റിലെ തൊഴിലാളികള്‍ ശമ്പളം ആവശ്യപ്പെട്ടതോടെ പ്രതിഷേധിച്ചാല്‍ ശിക്ഷാനടപടിയെടുക്കുമെന്ന് കമ്പനി മുന്നറിയിപ്പിറക്കി.

മാര്‍ക്കറ്റുകളില്‍ ട്രാക്കോ കേബിളിന് വലിയ ഡിമാന്‍ഡാണുള്ളത്. യൂണിറ്റുകള്‍ക്കെല്ലാം നല്ല ഉല്‍പാദന ശേഷിയുമുണ്ട്. എന്നിട്ടും ഈ പൊതുമേഖലാ സ്ഥാപനമെങ്ങനെ ഇരുട്ടിലായെന്നതുമാത്രമാണ് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. 

Traco cable company production stopped

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.