jaickcthomas

വായ്പാ കുടിശ്ശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വന്‍ പ്രതിഷേധം. കർണാടക ബാങ്കിന്‍റെ  കോട്ടയം നാഗമ്പടം ശാഖയ്ക്ക് മുന്നിലായിരുന്നു ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുന്ന കോട്ടയം കുടമാളൂർ അഭിരാമം വീട്ടിൽ കെ.സി. ബിനുവിന്റെ (50) മുതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.  ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം.

'കോട്ടയത്ത് ഇനി ഈ ബാങ്ക് പ്രവർത്തിക്കണോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കുമെന്ന് ജെയ്ക് സി. തോമസ് പറഞ്ഞു. ഇത്തരമൊരു ക്രൂരമായ കൊലപാതകം ഇനിയാവര്‍ത്തിക്കരുത്. രണ്ടു മാസങ്ങൾക്കു മുൻപ് ആകെയുണ്ടായിരുന്ന ഓട്ടോറിക്ഷ വിൽപ്പന നടത്തി ഉണ്ടായിരുന്ന കുടിശിക പൂർണമായും അടച്ചുതീർത്തിരുന്നു എന്ന് ബിനുവിന്‍റെ കുടുംബം ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍  വീണ്ടും ബാങ്കിൽ നിന്ന് മാനേജര്‍ വിളിച്ച് പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. വാട്സാപ് മുഖാന്തരം ബാങ്ക് ഉദ്യോഗസ്ഥര്‍ അയച്ച വോയിസ് നോട്ടുകൾ ഇപ്പോഴും കുടുംബത്തിന്റെ കൈവശമുണ്ട്.  ഓരോ തവണയും വീട്ടിലെത്തി ഭീഷണിപ്പെടുത്തുമായിരുന്നത്രേ, കടയില്‍ കയറി ബലം പ്രയോഗിച്ച് വ്യാപാരം നടത്തി ശേഖരിച്ചുവച്ച ചില്ലികാശുപോലും ബലംപ്രയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടു പോകുന്നു. എന്താണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്. ഇങ്ങനെയാണ് പുതുതലമുറ ബാങ്കുകൾ മുന്നോട്ടുപോകുന്നതെങ്കിൽ അവർക്കൊരു താക്കീതും നൽകുന്നു. ഇങ്ങനെയാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ... ഏതെങ്കിലുമൊരു വ്യാപാരിയുടെ കടയിൽക്കയറി അവരുടെ ചില്ലിക്കാശ് പിടിച്ചുപറിച്ചുകൊണ്ടുപോയാൽ... അതിൽനിന്ന് ലാഭം ഊറ്റിക്കുടിച്ച് വളരാമെന്നു വിചാരിച്ചാൽ... കർണാടക ബാങ്ക് പോലുള്ളവ ഇനി ഈ കോട്ടയത്ത് പ്രവർത്തിക്കണോ വേണ്ടയോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കും. അതു നിങ്ങൾക്കുള്ള താക്കീതാണ്. നിങ്ങൾ ഓർമിച്ചുകൊള്ളണമെന്നും ജെയ്ക് സി. തോമസ് കൂട്ടിച്ചേർത്തു.

Jaick c thomas's words about karnataka bank goes viral