dhoni

വനം വകുപ്പ് പിടികൂടി സംരക്ഷിക്കുന്ന പാലക്കാട്ടെ കൊമ്പൻ ധോണി പൂർണ ആരോഗ്യവാനെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഇടത് കണ്ണിന്റെ കാഴ്ചശക്തി വീണ്ടെടുക്കുന്നതിനുള്ള ചികിൽസ തുടരുകയാണ്. പാപ്പാൻമാരുടെ നിർദേശങ്ങൾ പൂര്‍ണമായും ധോണി അനുസരിക്കുന്നുണ്ടെന്നും മന്ത്രി. 

കനത്തമഴ നനയുന്നതും അനുസരണയോടെ രാവിലെയും വൈകിട്ടും നടക്കുന്നതും ധോണിയുടെ ശീലമായി. പച്ചപ്പുല്ലും കാട്ടിലയും കരിമ്പും പഴങ്ങളും കിട്ടിയാൽ തലകുലുക്കി അകത്താക്കും. ഇടവും വലവും നിൽക്കുന്നവരെ കൃത്യമായി തിരിച്ചറിയാനും കഴിയുന്നുണ്ട്. ഇടതു കണ്ണിന്റെ കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ചികില്‍സയാണ് തുടരുന്നത്. കൂടുതല്‍ കാഴ്ചയുണ്ടെന്ന് തെളിയുന്നത് തന്നെയാണ് ധോണി സുഖം പ്രാപിക്കുന്നതിന്റെയും ലക്ഷണം. കൂടിന് പുറത്തിറക്കിയ ശേഷം ആദ്യമായാണ് വനംമന്ത്രി ധോണിയെ കാണാനെത്തുന്നത്. പഴവും കരിമ്പും സമ്മാനമായി നൽകി.

രാവിലെയും വൈകിട്ടും ധോണിയുടെ കണ്ണിൽ തുള്ളി മരുന്ന് ഒഴിക്കുന്നതാണ് കാഴ്ച വീണ്ടെടുക്കാനുള്ള നിലവിലെ ചികില്‍സ. ഇടവേളകളില്‍ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള പരിശോധന തുടരുന്നുണ്ട്. കാല്‍പ്പാദം ബലപ്പെടുത്തുന്നതിനാണ് കൂടിന് ചുറ്റുമുള്ള നടത്തം. ചെറിയ വ്യായാമ മുറകളും പരിശീലിപ്പിക്കുന്നുണ്ട്. വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ധോണിയെ പരിചരിക്കുന്ന പാപ്പാന്മാരെ മന്ത്രി ആദരിച്ചു. 

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.