പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയതിൽ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ. കഴിഞ്ഞദിവസമാണ് യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ടയുടെ വീട്ടിൽ നിന്ന് എക്സൈസ് രണ്ട് കിലോ കഞ്ചാവ് പിടിച്ചത്. സഹോദരൻ നസീബ് സുലൈമാന് പ്രതി. നഹാസിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

 

എക്സൈസ് പ്രത്യേക സ്ക്വാഡാണ് നഹാസ് പത്തനംതിട്ടയുടെ സഹോദരൻ നസീബ് സുലൈമാന്‍റെ മുറിയിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് പിടിച്ചത്. സംഭവത്തില്‍ നസീബിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്. എന്നാൽ നഹാസിന്‍റെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.

 

കഞ്ചാവ് കേസ് വിവാദമായതോടെ പത്തനംതിട്ടയില്‍ നഹാസിന്‍റെ നേതൃത്വത്തിൽതുടങ്ങുന്ന ശബരിമല ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്തില്ല. മറ്റ് ചില തിരക്കുണ്ടെന്നായിരുന്നു വിശദീകരണം. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നഹാസിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സഹോദരനാണ് പ്രതിയെന്നും ചെന്നിത്തല തിരുവല്ലയില്‍ പറഞ്ഞു.  രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് നഹാസ്. നിലവിലെ വിവാദ തിരഞ്ഞെടുപ്പിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായത്. പത്തനംതിട്ടയില്‍ ഐഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് സ്ഥാനം പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസിലെ തന്നെ എതിര്‍വിഭാഗമാണ് നഹാസിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മുന്നിലുള്ളത്.

 

DYFI calls for an investigation into the seizure of ganja from the house of the State Secretary of the Youth Congress in Pathanamthitta.