രക്താര്‍ബുദം ബാധിച്ച് കൈവിട്ടെന്ന് കരുതിയിടത്ത് നിന്ന് ജീവിതം തിരികെപ്പിടിച്ച പത്തനംതിട്ട കുന്നന്താനം സ്വദേശി അജിത്കുമാര്‍ അയ്യപ്പ സന്നിധിയില്‍ കുഞ്ഞിന് ചോറുകൊടുത്തു. രോഗം ബാധിച്ച് ചികില്‍സയിലിരിക്കെയാണ് കുഞ്ഞിന്‍റെ ചോറൂണ് ശബരിമല സന്നിധാനത്ത് നടത്താമെന്ന് വഴിപാട് നേര്‍ന്നത്. മനോരമ ന്യൂസ് കേരള കാനിലൂടെയാണ് അജിത്തിന്‍റെ അതിജീവന കഥ ലോകമറിഞ്ഞത്. കല്യാണം കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞപ്പോഴാണ് അജിത്തിന് രക്താര്‍ബുദം സ്ഥിരീകരിച്ചത്. ശരീരത്തെ 80 ശതമാനത്തോളം ബാധിച്ചു. അബോധാവസ്ഥയില്‍ മാസങ്ങളോളം ചികില്‍സയില്‍. മടങ്ങി വരവ് ഉണ്ടാകുമെന്നുപോലും ഉറപ്പില്ലാത്തിടത്ത് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കരുത്തായി നിന്നു. കുട്ടികളുണ്ടാകാനും സാധ്യത കുറവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ആശുപത്രിക്കിടക്കയില്‍ വച്ചാണ് കുഞ്ഞു ജനിച്ചാല്‍ അടുത്ത മണ്ഡലകാലത്ത് തന്നെ ശബരിമലയില്‍ ചോറൂണെന്ന വഴിപാട് നേര്‍ന്നത്. മൂന്നുവര്‍ഷത്തെ ചികില്‍സയ്ക്കും വിശ്രമത്തിനും ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരു ആണ്‍കുഞ്ഞ് ജനിച്ചു. ധന്‍വിക്. ഏഴുമാസം പ്രായമായി. കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്ത് വച്ച് അജിത്ത് ധന്‍വിക്കിന്‍റെ ചോറൂണ് നടത്തി.
ചെറുപ്പത്തില്‍ അച്ഛന്‍റെ കയ്യും പിടിച്ചാണ് അജിത്ത് ആദ്യം ശബരിമലയില്‍ വന്നത്. പിന്നീട് മുടങ്ങാതെ 24 വര്‍ഷത്തോളം ശബരിമലയിലെത്തിയിരുന്നു. രോഗം ബാധിച്ച കാലത്തേ യാത്രമുടങ്ങിയുള്ളു. രോഗം മാറിയതോടെ കഴിഞ്ഞ വര്‍ഷം മലചവിട്ടി. ഇനിയുള്ള എല്ലാ മണ്ഡലകാലത്തും ധന്‍വിക്കിനേയും കൂട്ടിയാകും ശബരിമല യാത്ര.
Cancer survivor Ajith Kumar and son Dhanwik at Sabarimala