രണ്ടുദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തി മടങ്ങിയ അതുലിന്റെ മരണവാർത്തയുടെ ഞെട്ടലിൽ നിന്ന് കൂത്താട്ടുകുളം കിഴകൊമ്പ് ഗ്രാമം ഇനിയും മുക്തമായിട്ടില്ല.. മരണവാർത്തയറിഞ്ഞ് പ്രിയപ്പെട്ടവരൊക്കെയും കിഴകൊമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തി.വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു.
ഒന്നാം ക്ലാസ് മുതൽ കൂടെ പഠിച്ചവർ.. അധ്യാപകർ ബന്ധുക്കൾ അങ്ങനെ വേണ്ടപ്പെട്ടവരൊക്കെയും മരണവാർത്ത അറിഞ്ഞ ഓടിയെത്തി.. രണ്ടുദിവസങ്ങൾക്കു മുൻപ് വന്നു മടങ്ങിയ വീട്ടിലേക്ക് ഒടുവിൽ അതുലും എത്തി.. അവസാനമായി..
പോളിടെക്നിക്ക് പഠിച്ച് എൻജിനീയറായി ജോലി ചെയ്തിരുന്ന അതുൽ ബിടെക് പഠിക്കണമെന്ന ആഗ്രഹത്തിലാണ് കുസാറ്റിൽ സിവിൽ എഞ്ചിനീയറിങ്ങിന് പ്രവേശനം നേടിയത്.ഈ ആഴ്ച കലോത്സവം നടക്കുന്നതിനാൽ എത്തില്ലെന്ന് അമ്മയെ വിളിച്ചു പറഞ്ഞ് മണിക്കൂറുകൾക്കു ശേഷമായിരുന്നു മരണവാർത്ത. ഇനി തിരികെ വരാത്ത മടക്കമെന്ന് അമ്മയും കരുതിയില്ല. വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ച് സംസ്കരിച്ചത്