കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർഥി സാറ തോമസിന് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്. സാറ തോമസ് പഠിച്ച താമരശേരി അൽഫോൻസാ സ്കൂളിൽ മൃതദേഹം എത്തിച്ചപ്പോൾ സഹപാഠികളും അധ്യാപകരുമുള്‍പ്പടെ നാടൊന്നാകെ വിതുമ്പി. മുഖ്യമന്ത്രിയും മന്ത്രിമാരും സ്കൂളിലെത്തി സാറയ്ക്ക് ആദരാഞ്ജലി നേർന്നു.
ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിച്ച കോരങ്ങാട് അൽഫോൻസാ ഹയർ സെക്കന്ററി സ്കൂളിലേക്ക് അവസാനമായി സാറ തോമസ് വന്നു, ചേതനയറ്റ ശരീരമായി. എന്നും കളി ചിരികൾ നിറയുന്ന വിദ്യാലയ മുറ്റം ഇന്ന് സഹിക്കാനാവാതെ വേദനയിൽ കണ്ണീർവാർത്തു.
കൊച്ചിയിൽനിന്ന് മൂന്നരയോടെയാണ് സാറ തോമസിന്റെ മൃതദേഹം താമശേരിയിലെത്തിച്ചത്. നവകേരള സദസിനായുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചെത്തി സാറ തോമസിന് അന്ത്യഞ്ജലിയർപ്പിച്ചു.
നാട്ടുകാരും സാറ തോമസിന്റെ പഴയ സഹപാഠികളും അധ്യാപകരുമുൾപ്പെടെ ഒട്ടേറെപേരും ആദരാഞ്ജലിയർപ്പിക്കാനെത്തി. രാത്രി കോരങ്ങട്ടെ വീട്ടിൽ പൊതുദർശനത്തിനുവെക്കുന്ന മൃതദേഹം നാളെ രാവിലെ 10.30 ന് പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ സംസ്കരിക്കും.