ക്രിസ്മസിനെ വരവേൽക്കാൻ മനോഹരങ്ങളായ ക്രിസ്മസ് ട്രീകളുമായി ആലുവ സീഡ് ഫാം. പ്ലാസ്റ്റിക് ക്രിസ്മസ് ട്രീക്കു പകരം യഥാർത്ഥ ക്രിസ്മസ് ട്രീകൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. 300 രൂപ മുടക്കി ഈ ഇക്കോ ഫ്രണ്ട്ലി ക്രിസ്മസ് ട്രീകളെ സ്വന്തമാക്കാം.
ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായത്തിന്റെ നിറത്തിലുള്ള ചട്ടികളിലാണ് കുട്ടി മരങ്ങളുടെ നിൽപ്പ്. പൈൻ വർഗ്ഗത്തിൽ പെട്ട കുന്തിരിക്കച്ചെടിയാണ് ഇവ. ക്രിസ്മസിന് ട്രീകൾ ഒരുക്കി വിൽപ്പന നടത്താമെന്ന ആശയത്തിന് പിന്നിൽ കൃഷിമന്ത്രി പി പ്രസാദ് ആണ്. സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ആലുവ സീഡ് ഫാമിൽ മാത്രം 500 ട്രീകൾ ഒരുക്കി. നൂറോളം ചെടികൾ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വിറ്റു പോയി. 300 രൂപ മുതൽ 400 രൂപ വരെയാണ് ട്രീകളുടെ വില. ആലുവ തുരുത്തിലെ ഫാമിൽ എത്തി ക്രിസ്മസ് ട്രീകൾ ആവശ്യക്കാർക്ക് വാങ്ങാവുന്നതാണ്. പച്ചക്കറി വിത്തുകൾ, കോഴിമുട്ട, മത്സ്യം തുടങ്ങിയവയും ഫാമിൽ ലഭിക്കും.
Aluva seed farm with christmas trees