ഒല്ലൂർ മണ്ഡലം നവകേരള സദസ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്നും മാറ്റിയെന്ന് സർക്കാർ. പരിപാടി പുതിയ വേദിയിലേക്ക് മാറ്റുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചത് എന്തിനെന്ന് കോടതി ആരാഞ്ഞിരുന്നു.

ഉത്തരവ് പ്രതികൂലമാകുമെന്ന് ഉറപ്പായത്തോടെയാണ് ഒല്ലൂർ മണ്ഡലത്തിലെ നവകേരള സദസ് വേദി മാറ്റുകയാണെന്ന കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്നും പുതിയ വേദിയിലേക്ക് മാറ്റാനാണ് തീരുമാനം. മൃഗശാലയല്ല, കാർ പാർക്കിങ്ങാണ് പരിപാടിക്കായി അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു നേരിട്ട് ഹാജരായി സുവോളജിക്കൽ പാർക്ക് ഡയറക്ടർ കീർത്തി ഐ.എഫ്.എസ് ഹൈക്കോടതിയെ അറിയിച്ചത്. പാർക്കിന്റെ മാപ്പ് അടക്കമുള്ള രേഖകളും കോടതിയിൽ ഹാജരാക്കി. രേഖകൾ പരിശോധിച്ച ശേഷം സുവോളജികൾ പാർക്കിന്റെ മുഴുവൻ സ്ഥലവും  മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതല്ലേയെന്ന് ചീഫ് ജസ്റ്റിസ് ആശിഷ്.ജെ.ദേശായിയും, ജസ്റ്റിസ് വി.ജി.അരുണും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചു. എങ്ങനെയാണ് പൊതുപരിപാടിക്കായി പാർക്കിലെ സ്ഥലം അനുവദിച്ചതെന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി.  എന്നാൽ മൃഗശാലയുടെ പ്രവർത്തനത്തെ പരിപാടി ഒരുതരത്തിലും ബാധിക്കില്ലെന്നായിരുന്നു സർക്കാർ നിലപാട്. പാർക്കിന്റെ സ്ഥലം വന്യജീവി സംബന്ധമായ പരിപാടികൾക്ക് മാത്രമേ അനുവദിക്കാവൂയെന്ന് കേന്ദ്രസർക്കാരും നിലപാടെടുത്തു.

 ഇതോടെ നവകേരള സദസ്സിനായി സ്ഥലം അനുവദിക്കാൻ ആകില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. തുടർന്നാണ് കോടതി അനുവദിക്കുന്നില്ലെങ്കിൽ വേദി മാറ്റാമെന്ന് സർക്കാർ അറിയിച്ചത്. ഇതോടെ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു. സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്നും ലഭിച്ചതെന്ന് ഹർജിക്കാരനായ ഷാജി കോടങ്കണ്ടത്ത് പ്രതികരിച്ചു.

Government shifted navakerala sadas from puthur zoological park