irrigation-deparment

 

നിയമക്കുരുക്കും സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയും കാരണം ജലസേചന വകുപ്പില്‍ അസിസ്റ്റന്‍റ് എഞ്ചിനിയര്‍മാരുടെ സ്ഥാനക്കയറ്റം മുടങ്ങിയിട്ട് രണ്ടര വര്‍ഷം. ഇതോടെ ഓവര്‍സിയര്‍ റാങ്ക് ലിസ്റ്റിലുള്ള മൂവായിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. 129 അസിസ്റ്റന്‍റ് എഞ്ചിനിയര്‍ തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഇത്  ജലസേചന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാക്കിയിരിക്കുകയാണ്. 

 

ജലസേചന വകുപ്പില്‍ അസിസ്റ്റന്‍റ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അവസാനം പ്രമോഷന്‍ നടന്നത് 2021 മേയ് 29നായിരുന്നു. അതിന് മുമ്പ് തന്നെ പ്രമോഷനുള്ള സീനിയോറിറ്റി ലിസ്റ്റിനെ ചൊല്ലി നിയമ പോരാട്ടം തുടങ്ങിയിരുന്നു. കേസ് നിലനില്‍ക്കെ സ്ഥാനക്കയറ്റം നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് ചില ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പിന്നീടിതുവരെ ഒരു സ്ഥാനക്കയറ്റവും നടന്നിട്ടില്ല. ഇതോടെ ഗ്രേഡ് വണ്‍, ടു, ത്രീ ഓവര്‍സിയര്‍ തസ്തികകളിലേക്കുള്ള നിയമനവും വഴി മുട്ടി.

 

ഗ്രേഡ് ത്രീ ഓവര്‍സിയര്‍ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അടുത്ത ഏപ്രിലില്‍ അവസാനിക്കുകയാണ്. കേസിലെ നടപടികള്‍ ഇഴഞ്ഞ് നീങ്ങുന്നത് ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനത്ത ആശങ്ക നല്‍കുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും, അസിസ്റ്റന്‍റ് എഞ്ചിനിയറിങ് തസ്തികയിലേക്ക് താല്‍ക്കാലിക സ്ഥാനക്കയറ്റവും അതുവഴി ഓവര്‍സിയര്‍മാരുടെ താല്‍ക്കാലിക നിയമനവും നടത്താന്‍ സര്‍ക്കാരിന് തടസ്സമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ കോടതി നടപടികള്‍ മറയാക്കി ഇതിന് തയ്യാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

 

Promotion of Assistant Engineers in the Irrigation Department was suspended