കല്യാണം കഴിഞ്ഞാല്‍ പിന്നെ പഠിക്കാന്‍ കഴിയില്ലെന്നാണ് അന്ന് പെണ്ണുകാണാന്‍ വന്നപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞത്. പഠിപ്പിക്കില്ലെന്നു പറഞ്ഞ അതേ ചന്ദ്രേട്ടന്‍ കാലം മാറിയപ്പോള്‍ കൂടെ മാറി. ബിന്ദുവിനെ പഠിക്കാനയച്ചു. പഠിച്ചുപഠിച്ച് ബിന്ദു 42ാം വയസില്‍ മകനൊപ്പം സര്‍ക്കാര്‍ സര്‍വീസിലേക്ക് കയറുകയാണ്. ബിന്ദുവിനെക്കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മലപ്പുറം അരീക്കോട് മാതക്കോട് അംഗൻവാടി അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ബിന്ദു.
പോസ്റ്റിന്റെ പൂര്‍ണരൂപം;
കല്യാണം കഴിഞ്ഞാൽ പഠിക്കാൻ പറ്റില്ല. അതിന് കുഴപ്പമില്ലെങ്കിൽ എനിക്കിഷ്ടമാണ്’. പെണ്ണു കാണാൻ വന്നയാളുടെ മുഖം മനസിൽ പതിഞ്ഞില്ലെങ്കിലും ആ വാക്കുകൾ ബിന്ദു ഇന്നും ഓർക്കുന്നുണ്ട്. സമ്മതമാണെന്ന വീട്ടുകാരുടെ വാക്കും. സമ്മതമല്ലെന്ന് ഒരു നൂറുവട്ടം ബിന്ദു മനസിൽ പറഞ്ഞു. പക്ഷേ, വീട്ടുകാരോട് ‘നോ’ പറയാൻ ധൈര്യമുണ്ടായില്ല. വീട്ടുകാരെ സംബന്ധിച്ച് സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന തങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ബന്ധമായിരുന്നു അത്. അങ്ങനെ ചന്ദ്രന്റെ ഭാര്യയായി ബിന്ദു.
കാലം ഏത് മനുഷ്യനെയാണ് നവീകരിക്കാത്തത്? പഠിക്കരുതെന്ന് പറഞ്ഞ അതേ ചന്ദ്രൻ വർഷങ്ങൾക്ക് ശേഷം ബിന്ദുവിനെ വീണ്ടും പഠിക്കാനയച്ചു. 42-ാം വയസിൽ മലപ്പുറം ജില്ല ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് rank ലിസ്റ്റിൽ 92-ാമതായി ബിന്ദുവിന്റെ പേര് തിളങ്ങുമ്പോൾ സർക്കാർ സർവീസിലേക്ക് മകനൊപ്പം എന്ന അപൂർവനേട്ടം കൂടി സ്വന്തമാക്കുകയാണവർ. മകൻ വിവേക് മലപ്പുറം ജില്ലാ എൽ.ഡി.സി. Rank ലിസ്റ്റിൽ 32-ാം റാങ്ക് നേടിയിരിക്കുന്നു. 11 വർഷമായി അരീക്കോട് മാതക്കോട് അംഗൻവാടി അധ്യാപികയായ ബിന്ദു മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് കൂടിയാണ്.
പാതിവഴിയിൽ അവസാനിപ്പിച്ച പഠനം 30-ാം വയസിലാരംഭിച്ച കഥ അമ്മയും 24-ാം വയസിലേ സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ കഠിനാധ്വാനത്തിന്റെ കഥ മകനും പറഞ്ഞു തുടങ്ങി. ആഗ്രഹത്തിന്റെയും ലക്ഷ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം ഒരു നാൾ തേടിവരുക തന്നെ ചെയ്യും.. അമ്മക്കും മകനും ഒരായിരം അഭിനന്ദനങ്ങള്.അമ്മക്കും മകനും ഒരായിരം അഭിനന്ദനങ്ങള്. പോസ്റ്റ് വൈറലായതിനു പിന്നാലെ അമ്മയ്ക്കും മകനും അഭിനന്ദനവുമായി നിരവധി പേര്‍ എത്തുന്നുണ്ട്.